Skip to main content
കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

കേരള സിവില്‍ ഡിഫന്‍സ് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റ് വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നടന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാര്‍ മീറ്റിന് ദീപശിഖ തെളിയിച്ചു ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥ സേവനത്തെ ഡയറക്ടര്‍ ജനറല്‍ അഭിനന്ദിച്ചു. 5 മേഖലകളില്‍ നിന്നുള്ള സേനാംഗങ്ങളുടെ പരേഡും നടന്നു.

ആറു മേഖലകളില്‍ നിന്നായി വിജയം കൈവരിച്ച 250 ഓളം സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരാണ് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തത്. 28 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ടെക്കനിക്കല്‍ എം. നൗഷാദ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അരുണ്‍ അല്‍ഫോണ്‍സ്, സിവില്‍ ഡിഫന്‍സ് റീജ്യണല്‍ ഫയര്‍ ഓഫീസര്‍ സിദ്ധകുമാര്‍, അക്കാദമി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ എം.ജി. രാജേഷ്, ജലസുരക്ഷാ പരിശീലന കേന്ദ്രം ഫോര്‍ട്ട് കൊച്ചി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി. ദിലീപന്‍, പാലക്കാട് റീജ്യണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ. ഷിജു, സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍മാരായ റെനി ലൂക്കോസ്, എസ്.എല്‍. ദിലീപ്, എ.എസ് ജോഗി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്‌പോര്‍ട്‌സ് മീറ്റിനോട് അനുബന്ധമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ പാലക്കാട് മേഖലയ്ക്ക് വേണ്ടി എ. ഷാജഹാന്‍, എറണാകുളം മേഖലയ്ക്ക് വേണ്ടി വില്‍സണ്‍, കണ്ണൂര്‍ മേഖലയ്ക്ക് വേണ്ടി സൗരവ്, കോഴിക്കോട് മേഖലയ്ക്ക് വേണ്ടി നിഖില്‍ രാജ്, കോട്ടയം മേഖലയ്ക്ക് വേണ്ടി മുഹമ്മദ് ഷിബിന്‍, തിരുവനന്തപുരം മേഖലയ്ക്ക് വേണ്ടി വിബിന്‍ എന്നിവര്‍ പതാക വഹിച്ചു. സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ സേനാംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

date