Skip to main content
പുറക്കാട് പഞ്ചായത്തിൽ ബഡ്സ് റീഹാബിറ്റേഷൻ സെൻ്റർ ആരംഭിക്കുന്നതിനുള്ള ശുപാർശ നൽകും: വനിതാ കമ്മിഷന്‍ 

പുറക്കാട് പഞ്ചായത്തിൽ ബഡ്സ് റീഹാബിറ്റേഷൻ സെൻ്റർ ആരംഭിക്കുന്നതിനുള്ള ശുപാർശ നൽകും: വനിതാ കമ്മിഷന്‍ 

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ബഡ്സ് സ്കൂളോ,  റീഹാബിറ്റേഷൻ സെൻ്ററോ ആരംഭിക്കുന്നതിനുള്ള ശുപാർശ നൽകുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുള്ള തീരദേശ ക്യാമ്പിന്റെ ഭാഗമായി പുറക്കാട് തീരമേഖലയിലെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

പഞ്ചായത്തിൽ കിടപ്പുരോഗികളായുള്ള നിരവധിപേരുണ്ട്. ഇവർക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണം നല്ല രീതിയിൽ എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് സന്ദർശനം നടത്തിയപ്പോൾ മനസിലായതായി കമ്മിഷൻ അധ്യക്ഷ പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക വൈകല്യമുള്ളവർ, ക്യാൻസർ രോഗികൾ ഇത്തരത്തിലുള്ള ആളുകൾക്ക് സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി ലഭിക്കേണ്ട സഹായങ്ങൾ എത്തിക്കേണ്ടതിനു വേണ്ടിയുള്ള ഇടപെടൽ കുറച്ചുകൂടി ജാഗ്രതപ്പെടുത്തേണ്ടത് ഉണ്ടെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു. ക്യാൻസർ രോഗികൾക്ക് പ്രത്യേകമായുള്ള പെൻഷൻ പദ്ധതി ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ ഈ പ്രദേശങ്ങളിൽ ഉണ്ടാകണം. പഞ്ചായത്തിന്റെ പാലിയേറ്റീവ് പരിചരണം കൃത്യമായി ലഭ്യമാക്കി കൊടുക്കുന്നു എന്നത്  വളരെ നല്ല കാര്യമായാണ് കാണുന്നതെന്നും കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. പഞ്ചായത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന ആളുകളുടെ മുഴുവൻ കണക്കെടുക്കുന്നതിനും ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്റർ ആരംഭിക്കുന്നതിനുള്ള കെട്ടിടം കണ്ടെത്തി നൽകുന്നതിനും
കമ്മിഷൻ നിർദേശം നൽകി. 

പഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലാണ് സന്ദർശനം നടത്തിയത്. ഒൻപതാം വാർഡിൽ പട്ടേരിപ്പറമ്പിൽ ശ്രീകുമാരി, 15 -  വാർഡിൽ ഇല്ലത്തു പറമ്പിൽ രജിത, 17 -  വാർഡിൽ മേലെ വീട്ടിൽ വിജയകുമാരി, ഒന്നാം വാർഡിൽ പുത്തൻപറമ്പ് വീട്ടിൽ വിജിത, വിനീത, 18- വാർഡിൽ രാധ ഭാർഗവൻ എന്നിവരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ, ശാരീരിക വൈകല്യമുള്ളവർ, ക്യാൻസർ രോഗികൾ, ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾ ഇത്തരത്തിലുള്ളവരുടെ വീടുകളാണ് സന്ദർശിച്ചത്. അവരുടെ കാര്യങ്ങളും പ്രശ്നങ്ങളും ചോദിച്ചു  മനസിലാക്കിയ ശേഷമാണ് കമ്മിഷൻ മടങ്ങിയത്.

വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ഉണ്ണി, വാർഡ് അംഗങ്ങളായ സുഭാഷ് കുമാർ, പ്രസന്ന കുഞ്ഞുമോൻ, ഷീജ ടീച്ചർ, ശ്രീദേവി, ഇ. ഫാസിൽ, ടി.ഡി. മെഡിക്കൽ കോളജിലെ ഡോ. എസ്. ഷാലിമ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സന്ധ്യ, ഐ.സി.ഡി.എസ്. കൗൺസിലർ കാവ്യ, സി.ഡി.എസ്. അംഗം പ്രസന്ന വേണു, ജയൻ സി. പുത്തൻപറമ്പിൽ തുടങ്ങിയവർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

date