Skip to main content

തവനൂർ പഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവം ഇന്ന് തുടങ്ങും സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും

തവനൂർ ഗ്രാമപഞ്ചായത്ത് 'ട്വിംഗിൾ ദി എജ്യു ബിനാലെ' പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവം ഇന്ന് (ജനുവരി നാലിന് ) വൈകീട്ട് അഞ്ചിന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ.കെ.ടി ജലീൽ അധ്യക്ഷത വഹിക്കും. തുടർന്ന് 'ലിംഗനീതിയും രാജ്യ പുരോഗതിയും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പങ്കെടുക്കും. ജനുവരി നാല് മുതൽ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി  തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിലാണ് മഹോത്സവം നടക്കുന്നത്. കേരളം ആർജിച്ച നേട്ടങ്ങൾ പൊതുജന സമക്ഷം അവതരിപ്പിക്കുക, പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക, മുഴുവൻ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിച്ച് ശാസ്ത്രബോധവും പാരബോധവും മതനിരപേക്ഷചിന്തയും നന്മയുള്ളവരുമായ തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 14 നൂതന പദ്ധതികളാണ് ഇത്തവണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ട്വിംഗിൾ ദി എജ്യു ബിനാലെ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത പരിധിയിൽ ഉൾപ്പെടുന്ന പത്തു സ്‌കൂളുകളിലെ വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുക.
ജനുവരി ഏഴിന് വൈകീട്ട് അഞ്ചിന് 'ജീവിതം ലഹരിയാക്കുന്ന വരും തലമുറ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും.
ജനുവരി എട്ടിന് പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി തവനൂർ കെ.എം.ജി.യു.പി. സ്‌കൂളിൽ നിർമിച്ച മിനി പ്ലാനിറ്റോറിയം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
വിദ്യഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾ, വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയേയും സ്പർശിക്കുന്ന പരിശീലനങ്ങൾ, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, ശിൽപ്പശാലകൾ, പ്രദർശനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കലാകായിക മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

 

date