Skip to main content

കെ സ്മാർട്ട് വഴി ആദ്യ വിവാഹ രജിസ്ട്രേഷൻ നടത്തി കോഴിക്കോട് കോർപറേഷൻ

 

വിവാഹ രജിസ്ട്രേഷനായി ദമ്പതികളും സാക്ഷികളും നഗരസഭ ഓഫീസിലെത്തിയുള്ള കാത്തിരിപ്പ് ഇനി പഴങ്കഥ. കെ സ്മാർട്ട് അപ്ലിക്കേഷനിൽ ആദ്യമായി ഇകെവൈസി സംവിധാനം ഉപയോഗിച്ച് വിവാഹ രജിസ്ട്രേഷൻ നടത്തി കോഴിക്കോട് കോർപറേഷൻ. ലോകത്തിന്റെ ഏത് കോണിലിരുന്നും മലയാളിക്ക് കെ- സമാർട്ട് സോഫ്റ്റ്‌വെയറിലൂടെ ഇനി വിവാഹ സർട്ടിഫിക്കറ്റ് നേടാം.

ഗോവിന്ദപുരം സ്വദേശിനി ശ്രീലക്ഷ്‌മിയും പൂവാട്ടുപറമ്പ സ്വദേശി വിവേകും തമ്മിലുള്ള വിവാഹമാണ് കെ സ്‌മാർട്ട് അപ്ലിക്കേഷനിൽ ആദ്യമായി ഇ കെ വൈ സി സംവിധാനം ഉപയോഗിച്ച് നടത്തിയത്. മറ്റ് രണ്ട് അപേക്ഷകളിൽ ജനന മരണ സർട്ടിഫിക്കറ്റുകളും കോർപറേഷൻ ആരോഗ്യ വിഭാഗം കെ സ്‌മാർട്ട് വഴി അനുവദിച്ചു. മറ്റ് സേവനങ്ങളും ഉടൻ കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. 

കെ സ്മ‌ാർട്ട് ആപ്ലിക്കേഷനിലേക്ക് ചുവടുമാറ്റം നടത്തുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് കോർപറേഷൻ നടത്തിയത്. മുഴുവൻ സീറ്റുകളിലേക്കും ആവശ്യമായ കംപ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനമൊരുക്കി. നാനൂറിൽ പരം ജീവനക്കാരുടെ വിവരങ്ങൾ ആപ്ലിക്കേഷനിൽ മാപ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്തു തീർക്കുകയായിരുന്നു ജീവനക്കാർ. പൊതുജനങ്ങൾക്ക് പുതിയ സംവിധാനം പ്രയാസമുണ്ടാക്കാതിരിക്കാൻ പത്ത് ഫെസിലിറ്റേഷൻ കൗണ്ടറുകളും കോർപറേഷൻ ഒരുക്കിയിട്ടുണ്ട്.

date