Skip to main content

കോകോ ചലച്ചിത്രമേള

 

മാനസിക അസ്വാസ്ഥ്യമുള്ള കഥാപാത്രങ്ങളെ മലയാള സിനിമ പാടെ മായ്ച്ചുകളയുന്നു: ഓപ്പൺ ഫോറം

മാനസിക അസ്വാസ്ഥ്യമുള്ള കഥാപാത്രങ്ങളെ മലയാള സിനിമ പാടെ മായ്ച്ചുകളയുന്ന അവസ്ഥയാണെന്ന് 
കോകോ ചലച്ചിത്ര മേളയിൽ ശനിയാഴ്ച നടന്ന ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു.

'മലയാള സിനിമയിലെ പ്രതിനിധാനങ്ങളും അരികുവൽക്കരണവും' എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കവേ കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപിക രാഗിയാണ് ഇക്കാര്യം ഉന്നയിച്ചത്.

 "മാനസിക അസ്വാസ്ഥ്യമുള്ള കഥാപാത്രങ്ങൾ വലിയ താരമൂല്യമുള്ള അഭിനേതാക്കൾ അല്ല അവതരിപ്പിക്കുന്നതെങ്കിൽ പ്രേക്ഷകർ തമാശയായി കണ്ട് ചിരിക്കുന്ന അവസ്ഥയാണ്. ഇത് വലിയ പ്രശ്നമാണ്. പുരുഷ കഥാപാത്രത്തിന്റെ ഭ്രാന്ത് ബൗദ്ധിക നിലവാരത്തിന്റെ താളംതെറ്റലായും സ്ത്രീ കഥാപാത്രത്തിന്റെത് രതിജന്യമായും ചിത്രീകരിച്ച സിനിമകൾ നമുക്കുണ്ടായിട്ടുണ്ട്," ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന രാഗി ചൂണ്ടിക്കാട്ടി. "സമൂഹത്തിലെ പ്രാന്തവൽക്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങൾ സിനിമയിൽ അരികുവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് ഒരു അടയാളപ്പെടുത്താൽ എങ്കിലുമാണ്. എന്നാൽ, മാനസിക അസ്വാസ്ഥ്യമുള്ള വിഭാഗത്തെ പാടെ മായ്ച്ചുകളയുന്ന നിലയാണ്. സിനിമയിൽ മാത്രമല്ല, എല്ലാ കലയിലും ഇതാണ് സ്ഥിതി," അവർ പറഞ്ഞു.

കോമേഴ്‌സ്യൽ, മുഖ്യധാരാ സിനിമയുടെ ഇടം പിടിച്ചെടുക്കാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് അർഹതപ്പെട്ട പ്രാതിനിധ്യം ലഭിക്കില്ലെന്ന് സംവിധായിക കുഞ്ഞില മാസിലാമണി അഭിപ്രായപ്പെട്ടു. "ആണുങ്ങൾ പൂർണമായും കയ്യടക്കിവെച്ച ഇക്കോസിസ്റ്റം ആണ് സിനിമ. കഴിവുള്ള സ്ത്രീകൾ വന്നാൽ ആ സിസ്റ്റം തകരുമെന്ന ഭീതി കാരണമാണ് അകറ്റിനിർത്തുന്നത്."

അരികുവൽക്കരിക്കപ്പെട്ടവർക്ക് പ്രതിനിധാനത്തിനു അപ്പുറം അധികാരമാണ് വേണ്ടതെന്ന് ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് ഗാർഗി പറഞ്ഞു. "അരികുവൽക്കരിക്കപ്പെട്ടവരുടെ കഥകൾ പറയാനുള്ള സാദ്ധ്യതകൾ ഉണ്ടാവുക എന്നതാണ് പ്രധാനം. അവർ കഥകൾ പറഞ്ഞുതുടങ്ങിയാൽ ഇവിടത്തെ വരേണ്യ പുരുഷമേധാവിത്വ വ്യവസ്ഥിതി തകരും എന്നതിനാലാണ് അരികുകളിലേക്ക് മാറ്റിനിർത്തുന്നത്."

വരിക്കാശ്ശേരി മനയിൽ നിന്നാണ് മലയാള സിനിമയെ മോചിപ്പിക്കേണ്ടതെന്ന് 'മഞ്ചാടിക്കുരു' കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന ബൈജു മേരിക്കുന്ന് അഭിപ്രായപ്പെട്ടു. "പരീക്ഷണ സിനിമകളോട് പിന്തിരിഞ്ഞുനിൽക്കുകയാണ് പ്രേക്ഷകർ. സാമൂഹ്യചാലക ശക്തിയായി മാറാൻ സിനിമ ശ്രമിക്കുമ്പോൾ അത് പിന്തിരിപ്പിക്കാൻ ആണ് എല്ലാ ശ്രമങ്ങളും."

എം ജി മല്ലിക മോഡറേറ്ററായിരുന്നു.

യുനെസ്കോ സാഹിത്യ നഗരമായി കോഴിക്കോടിനെ തെരെഞ്ഞടുത്തതിന്റെ ഖ്യാതിയിൽ കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ രണ്ടാം ദിവസം ശ്രീ, വേദി തിയ്യറ്ററുകളുമായി ആറ് സിനിമകൾ പ്രദർശിപ്പിച്ചു.

date