Skip to main content

പൊതുമരാമത്ത് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം: മന്ത്രി പി.രാജീവ്

 

കളമശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി

കളമശ്ശേരി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനായി ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

മണ്ഡലത്തിലെ അഞ്ചു സ്കൂളുകളിലെ കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിന് മന്ത്രി നിർദ്ദേശം നൽകി. ഉളിയന്നൂർ ഗവ. എൽ.പി സ്കൂൾ, കോട്ടപ്പുറം ഗവ. എൽപി സ്കൂൾ, മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഏലൂർ ഗവ. എൽപി സ്കൂൾ, കരുമാലൂർ ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് നിർമാണം പുരോഗമിക്കുന്നത്.

അയിരൂർ പാലം, കുന്ന് കോട്ടപ്പുറം പാലം, ഏലൂർ ചൗക്ക പാലം, കുണ്ടൂർ പാലം എന്നിവയാണ് കളമശ്ശേരി മണ്ഡലത്തിൽ ആരംഭിക്കുന്ന പാലം നിർമാണ പ്രവൃത്തികൾ. നിർമ്മാണത്തിൽ കാല താമസം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് മന്ത്രി നിർദേശിച്ചു.

കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷൻ വികസനത്തിൽ റെയിൽവേ മേൽപാലം കൂടി വീതി കൂട്ടണമെന്ന കിഫ്ബിയുടെ ആവശ്യത്തോടനുബന്ധിച്ച് കേരള റോഡ്സ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) കിഫ്ബിയുമായി യോഗം ചേർന്ന് തീരുമാനമെടുക്കാനും മന്ത്രി നിർദേശിച്ചു.

ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, എലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.എം ഷെഫീഖ്, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

date