Skip to main content

ക്ഷീരസംഗമം ഇന്നും നാളെയും

ആലപ്പുഴ: ആലപ്പുഴ ജില്ല ക്ഷീര സംഗമം ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കും. ക്ഷീരസംഗമം, ക്ഷീരതീരം പദ്ധതി എന്നിവയുടെ ഉദ്ഘാടനം നാളെ (ജനുവരി എട്ട്) രാവിലെ 11 -ന് വള്ളികുന്നം ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. മികച്ച ക്ഷീര കര്‍ഷകരെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആദരിക്കും. ക്ഷീരസംഘങ്ങള്‍ക്കുള്ള സോളാര്‍ പദ്ധതിയുടെ അനുമതിപത്ര വിതരണവും നിര്‍വഹിക്കും. ജില്ലയിലെ മികച്ച വനിത സംവരണ വിഭാഗം ക്ഷീരകര്‍ഷകരെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ആദരിക്കും. ക്ഷീര സംഘങ്ങള്‍ക്കുള്ള ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പദ്ധതിയുടെ അനുമതിപത്രം വിതരണം ചെയ്യും. 

ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ, ആത്മ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ആസിഫ്. കെ യൂസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എ.എം ആരിഫ് എം.പി ജില്ലയിലെ മികച്ച പരമ്പരാഗത ക്ഷീരസംഘത്തെ ആദരിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. ജില്ലയിലെ മികച്ച ആപ്‌ക്കോസ് ക്ഷീര സംഘത്തെ ആദരിക്കും. മികച്ച ബി.എം.സി.സി ക്ഷീരസംഘത്തെ യു. പ്രതിഭ എം.എല്‍.എയും ആഥിധേയ ക്ഷീര സംഘത്തെ ദലീമ ജോജോ എം.എല്‍.എയും ആദരിക്കും. തോമസ് കെ. തോമസ് എം.എല്‍.എ ജില്ലയില്‍ ഏറ്റവും ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘത്തെ ആദരിക്കും. ജില്ലാ പഞ്ചായത്ത് റിവോള്‍വിംഗ് ഫണ്ട് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി  ഉദ്ഘാടനം ചെയ്യും. 

ഇന്ന്(ജനുവരി ഏഴ്) രാവിലെ 8.30-ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല രമേശ് ചെന്നെത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. വിരമിച്ച ക്ഷീര സംഘം ജീവനക്കാരെ പി. പി ചിത്തരഞ്ജന്‍ എം.എല്‍.എ ആദരിക്കും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ചടങ്ങില്‍        അധ്യക്ഷത വഹിക്കും. മുഖാമുഖം, കലാസന്ധ്യ, സെമിനാറുകള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

date