Skip to main content

വീടുകൾക്ക് അകത്ത് സമഭാവനയുടെ അന്തരീക്ഷം വേണം:  അഡ്വ. പി സതീദേവി

    
ആൺകുട്ടികളെയും പെൺകുട്ടികളെയും വീടുകളിൽ സമഭാവനയോടെ വളർത്തണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ. 
    
സമഭാവനയുടെ അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടായ ചർച്ചകൾ നടക്കണം. ഇത്തരം ചർച്ചകളിൽ വീട്ടിലെ സ്ത്രീകൾക്ക് അഭിപ്രായം പറയാൻ കഴിയണം. അച്ഛന്റെയും അമ്മയുടെയും വിഷമങ്ങൾ മൂടിവയ്ക്കാതെ മക്കളുമായി പങ്കുവയ്ക്കണം. മാതാപിതാക്കളുടെ വിഷമങ്ങൾ അറിഞ്ഞു വളർന്നെങ്കിലേ മക്കൾ തിരിച്ചറിവുള്ളവരായി മാറുകയുള്ളു. ആരോഗ്യകരവും അനാരോഗ്യകരവുമായ ബന്ധങ്ങൾ തിരിച്ചറിയുന്നതിന് കുട്ടികളെ പ്രാപ്തരാക്കണം. കൗമാരകാലത്തു തന്നെ കരുത്തുറ്റ മനസിന്റെ ഉടമകളായി കുട്ടികളെ മാറ്റിയെടുക്കണം. പ്രതിസന്ധികളെ നേരിടുന്നതിന് ഇത് അവരെ സജ്ജരാക്കും. നിലവിലുള്ള നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണ എല്ലാവർക്കുമുണ്ടാകണം. സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരേ പ്രതികരിക്കാനുള്ള ശേഷി പുതിയ തലമുറയ്ക്കുണ്ടാകണം. 
    
കേരളത്തെ നൂറ്റാണ്ടിനു പിന്നിലെ അവസ്ഥയിലേക്ക് മടക്കി കൊണ്ടു പോകാൻ ഛിദ്ര ശക്തികൾ നമുക്കു ചുറ്റും പ്രവർത്തിക്കുന്നതു സംബന്ധിച്ച് തിരിച്ചറിവുണ്ടാകണം. സ്ത്രീകളോട് ക്രൂരത കാട്ടിയ സമൂഹമായിരുന്നു പഴയ കാലത്ത് കേരളത്തിലുണ്ടായിരുന്നത്. സ്ത്രീകളോടു ക്രൂരത കാട്ടിയിരുന്നവരെ ചോദ്യം ചെയ്ത പുരുഷന്മാരെ തെങ്ങോടു ചേർത്ത് കെട്ടി ചാട്ടവാറു കൊണ്ട് അടിച്ച ഒരു കാലഘട്ടം നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. ചെയ്ത ജോലിക്ക് കൂലി ചോദിക്കാൻ അവകാശമില്ലായിരുന്നു. തൊഴിലാളികൾക്ക് മുറ്റത്ത് കുഴി കുത്തിയാണ് കഞ്ഞിവെള്ളം നൽകിയിരുന്നത്. കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൊണ്ടു പോകുന്നതിന് പഴയകാലം സംബന്ധിച്ച് തിരിച്ചറിവ് അനിവാര്യമാണ്.  കേരളം കൈവരിച്ച എല്ലാ നേട്ടങ്ങൾക്കു പിന്നിലും ജനകീയ ഇടപെടലും അടിത്തറയുമുണ്ട്. സമൂഹത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുകയാണ് വനിതാ കമ്മിഷന്റെ ശ്രമം. കേരളത്തിൽ നിലനിൽക്കുന്ന ഐക്യപ്പെടൽ മികച്ച നിലയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. 

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി  വനജ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗം വി ആർ  മഹിളാമണി, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കെ കെ  ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, വാണിമേൽ പഞ്ചായത്ത് മെമ്പർമാരായ ജാൻസി കൊടിമരത്തുംമൂട്ടിൽ, പി ശാരദ, ബിഡിഒ ദേവിക രാജ്,  റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിച്ചു. 

പട്ടികവർഗ മേഖലയിലെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന പദ്ധതികൾ എന്ന വിഷയം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്. സലീഷും ലഹരിയുടെ കാണാക്കയങ്ങൾ എന്ന വിഷയം റിട്ട എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് നൊച്ചാടും അവതരിപ്പിച്ചു.

date