Skip to main content

കൊയിലാണ്ടി നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും തുടങ്ങി

 

കൊയിലാണ്ടി നഗരസഭയുടെ 'സുകൃതം ജീവിതം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ഇ എം എസ് ടൗൺ ഹാളിൽ ആരംഭിച്ചു. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക, രോഗവിവരങ്ങൾ മുൻകൂട്ടി മനസ്സിലാക്കുക എന്ന  ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ്  സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി വി നാരായണൻ  നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ പി സുധ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, എ അസീസ്, എലളിത, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. വി വിനോദ്, തിരുവങ്ങൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ ജെ, അരിക്കുളം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സി സ്വപ്ന, ജീവതാളം നോഡൽ ഓഫീസർ ഡോ. റഷീദ് കെ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത, ക്ലീൻസിറ്റി മാനേജർ ടി കെ സതീഷ്കുമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരായ ഇന്ദുലേഖ, വിപിന,  എന്നിവർ സംസാരിച്ചു.

കാൻസർ - വൃക്ക രോഗ-ജീവിതശൈലി നിർണ്ണയം, ആരോഗ്യ വിജ്ഞാനപ്രദർശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരി വിമുക്ത ക്യാമ്പയിൻ, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിൽ നടക്കും. മലബാർ മെഡിക്കൽ കോളേജ്, തണൽ വടകര, നെസ്റ്റ്,  കൊയിലാണ്ടി ഐ.സി.ഡി.എസ്, താലൂക്ക് ആശുപത്രി സ്വന്ത്വനം പാലിയേറ്റീവ്, എം വി ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയുടെ പവലിയൻ ഒരുക്കിയിട്ടുണ്ട്.

കാൻസർ രോഗനിർണ്ണയത്തിനായുള്ള ഉയർന്ന സാമ്പത്തിക ചെലവ് വരുന്ന പാപ്സ്മിയർ, മാമോഗ്രാം തുടങ്ങിയ പരിശോധനകൾ മലബാർ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം-എം വി ആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ നടക്കും. കാരുണ്യ, മൈക്രോ ഹെൽത്ത്, ആയുഷ് എന്നിവരുടെ സഹകരണത്തോടെ ലാബ് പരിശോധനകളും നേത്ര പരിശോധനയും ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 10 ന് വൈകീട്ടോടെ ക്യാമ്പ് അവസാനിക്കും.

date