Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം: 28 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കു കൂടി അംഗീകാരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 28 പദ്ധതികള്‍ക്കു കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇരിട്ടി, കൂത്തുപറമ്പ്, കണ്ണൂര്‍ ബ്ലോക്കുകളുടെയും നടുവില്‍, കീഴല്ലൂര്‍, പെരിങ്ങോം വയക്കര, വളപട്ടണം, ഏഴോം, പരിയാരം, ചെറുകുന്ന്, കോട്ടയം, പിണറായി, കുറ്റിയാട്ടൂര്‍, കണിച്ചാര്‍, ധര്‍മടം, പാപ്പിനിശ്ശേരി, ഉളിക്കല്‍, ചെങ്ങളായി, ചെറുതാഴം, പന്ന്യന്നൂര്‍, എരുവേശ്ശി, ആറളം, കടന്നപ്പള്ളി, കല്യാശ്ശേരി, മൊകേരി, മാങ്ങാട്ടിടം, പാട്യം, കുറുമാത്തൂര്‍ പഞ്ചായത്തുകളുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. നേരത്തെ ഏഴ് തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ യോഗം അംഗീകരിച്ചിരുന്നു. ഇതോടെ അംഗീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം 35 ആയി. ഇതുകൂടാതെ 2023-24 വര്‍ഷത്തെ 10 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക ഭേദഗതി പദ്ധതിയും അംഗീകരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച രീതിയിലുള്ള നൂതന പദ്ധതികള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. നൂതന പദ്ധതികള്‍ കണ്ടെത്തുന്നതില്‍ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ വിശദമായ പഠനം നടത്തണം. വനിതാ ഘടക പദ്ധതിയില്‍ വനിതകള്‍ക്ക് പൂര്‍ണമായും പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ വേണം ആസൂത്രണം ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു. പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്കായി യോഗം വിളിക്കുന്ന കാര്യവും ആലോചിക്കുമെന്നും പി പി ദിവ്യ പറഞ്ഞു. പാനൂര്‍ നഗരസഭയുടെ കെ എസ് ഡബ്യു എം പി പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. ആന്തൂര്‍, മട്ടന്നൂര്‍, തലശ്ശേരി നഗരസഭകള്‍ ഉള്‍പ്പെടുന്ന 2024-25 അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിനും യോഗം അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date