Skip to main content

ഭിന്നശേഷി കുട്ടികള്‍ക്ക് കായികാനുഭവം പകരാന്‍ എസ്എസ്‌കെയുടെ 'ഉള്‍ച്ചേരല്‍' കായികോത്സവം

സമഗ്രശിക്ഷ കണ്ണൂര്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഉള്‍ച്ചേരല്‍ കായികോത്സവം ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കും. പോലീസ് മൈതാനം, മുന്‍സിപ്പല്‍ സ്‌കൂള്‍, പോലീസ് ഫുട്‌ബോള്‍ ടര്‍ഫ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. ജില്ലയിലെ 15 ബിആര്‍സികളില്‍ നിന്നായി 650ഓളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 13ന് ഫുട്‌ബോള്‍, ഹാന്‍ഡ്ബാള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് എന്നിവയും 14ന് സ്റ്റാന്റിങ് ജമ്പ്, റിലേ, ബോള്‍ ത്രോ എന്നീ മത്സരങ്ങളുമാണ് നടക്കുന്നത്. ഇവയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കും കാണികള്‍ക്കുമായി 'ഫണ്‍ ഗെയിംസ്' കൂടി സംഘടിപ്പിക്കും. ഭിന്നശേഷി കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് മത്സര ഇനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു മാസം തുടര്‍ച്ചയായി പരിശീലനം നല്‍കിയാണ്് കുട്ടികളെ മത്സരത്തിനായി സജ്ജമാക്കിയത്്. 14 വയസിന് താഴെ, 14 വയസ്സിന് മുകളില്‍ എന്നീ രണ്ട് വിഭാഗമായി ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍, മിക്‌സഡ് എന്ന രീതിയിലാണ് മത്സരം നടക്കുന്നത്. പരിപാടിയുടെ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ സ്‌കൂള്‍ കായിക മേള സംഘടിപ്പിക്കുന്ന അതേ രീതിയില്‍ എല്ലാ അനുഭവങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന വിധമാണ്  ഉള്‍ച്ചേരല്‍ കായികോത്സവവും നടക്കുകയെന്ന് സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്റ്റ്  കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് പറഞ്ഞു. അത് വഴി ഭിന്നശേഷി കുട്ടികളുടെ മാനസിക ഉല്ലാസം വര്‍ധിപ്പിക്കുകയും അവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

date