Skip to main content

നെടുമങ്ങാട് ബസ് ഡിപ്പോയിൽ സ്ത്രീകളുടെ വിശ്രമ കേന്ദ്രം തുറന്നു

കേരള സർക്കാരിന്റെ ജെൻഡർ ബഡ്ജറ്റിംഗിൽ  ഉൾപ്പെടുത്തി നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിർമ്മിച്ച സ്ത്രീകളുടെ വിശ്രമ കേന്ദ്രം ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഡിപ്പോയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു. ദിവസവും ആയിരക്കണക്കിന് ജനങ്ങൾ വന്നു പോകുന്ന നെടുമങ്ങാട് ഡിപ്പോയിൽ സ്ത്രീകൾക്ക്  മുലയൂട്ടുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി ഒരു വിശ്രമ കേന്ദ്രം ആവശ്യമായിരുന്നു. ഡിപ്പോയിൽ രാത്രി സുരക്ഷിതത്വം ഉറപ്പാക്കാൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് കൂടാതെ സദാ സമയം പൊലീസ് നിരീക്ഷണം ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾക്കും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ജെൻഡർ ബഡ്ജറ്റിംഗിൽ  ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രം ഒരുക്കിയത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5.60 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈമാസ് ലൈറ്റ്  സ്ഥാപിച്ചത്.
നെടുമങ്ങാട് ബസ് ഡിപ്പോ അങ്കണത്തിൽ നടന്ന ചടങ്ങിൽ  നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത , വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ,കെഎസ്ആർടിസി ജനറൽ മാനേജർ ജോഷോ ബെന്നറ്റ് ജോൺ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

date