Skip to main content

മട്ടന്നൂർ എം സി ആർ സി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

 

മട്ടന്നൂർ പഴശ്ശിയിൽ ഒരുക്കിയ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 11ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിക്കും. അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാർ, കുടുംബശ്രീ എക്‌സി. ഡയറക്ട‌ർ ജാഫർ മാലിക്, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ മുഖ്യാതിഥികളാകും. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും. 
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖാന്തിരമാണ് റീഹാബിലിറ്റേഷൻ സെന്റർ (എം സി ആർ സി) നിർമ്മിച്ചത്. ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിലെ ന്യൂനതകളെ വിദഗ്ദമായ പരിചരണത്തിലൂടെ മേന്മകളായി പരിവർത്തിപ്പിക്കുകയുമാണ് ലക്ഷ്യം. ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗ്, തെറാപ്പികൾ, തൊഴിൽ പരിശീലനം, നൈപുണ്യ വികസനത്തിനാവശ്യമായ പരിശീലനം, അവരുടെ മാതാപിതാക്കൾക്ക് ആവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. ഇതിലൂടെ അവരുടെ സാമൂഹിക ഉന്നമനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ സാധിക്കും. കെ കെ ശൈലജ ടീച്ചർ എം എൽ എ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ ആദ്യമായും സംസ്ഥാനത്ത് രണ്ടാമതുമാണ് ഇത്തരത്തിൽ ഒരു കേന്ദ്രം നിലവിൽ വരുന്നത്. മട്ടന്നൂർ നഗരസഭ കൈമാറിയ 48 സെന്റ് സ്ഥലത്താണ് സെന്റർ സജ്ജമാക്കിയത്. 3.3 കോടി രൂപ ചെലവിലാണ് നിർമ്മാണം. 2019 ഫെബ്രുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. 17000 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ പ്രവൃത്തി നടത്തിയത്

date