Skip to main content

ജില്ലയുടെ നാല്‍പതാം വാര്‍ഷികത്തില്‍ നാല്‍പത് ജനകീയ പദ്ധതികള്‍ ഉള്‍പെടുത്തി കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് ഫണ്ടുകള്‍ സംയോജിപ്പിച്ച് 400 ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന നികേതനം - നവകേരള ഭവന പദ്ധതി

ജില്ലയുടെ നാല്‍പതാം വാര്‍ഷികത്തില്‍ നാല്‍പത് ജനകീയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് 2024-25 ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവതരിപ്പിച്ചു. വാര്‍ഷിക സമ്മാനമായി 400 ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന നികേതനം - നവകേരള ഭവന പദ്ധതി. സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്തുകള്‍, സര്‍വീസ് സംഘടനകള്‍, സി.എസ്.ആര്‍ ഫണ്ട് തുടങ്ങിയവ സംയോജിപ്പിച്ച് പദ്ധതി നടപ്പിലാക്കും. നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ലഭിച്ച ഭവന നിര്‍മ്മാണ അപേക്ഷകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് പദ്ധതി ഏറ്റെടുത്തത്.

വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ 16 കോടി

വിദ്യാര്‍ത്ഥികളുടെ മാനസീകാരോഗ്യം ഉറപ്പാക്കാന്‍ റിഥം പദ്ധതി

ജില്ലാ പഞ്ചായത്തിന്റെ 84 വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനും ഗുണമേന്‍മയുള്ള കുടിവെള്ളം, കളിസ്ഥലം, ലാബ്, ഡൈനിങ് ഹാള്‍, പാചക ശാല, സ്റ്റീം കുക്കര്‍, അറ്റകുറ്റപ്പണി തുടങ്ങി വിവിധ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 16 കോടി രൂപ വകയിരുത്തി.

വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ റിഥം പദ്ധതി നടപ്പാക്കും. ജില്ലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം സംസ്ഥാന, ദേശീയ, അന്തര്‍ ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മുന്നോട്ടുള്ള കായിക കുതിപ്പിന് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ അടിസ്ഥാന സൗകര്യത്തിനപ്പുറം കുട്ടികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനവും ക്യാഷ് അവാര്‍ഡും ഉപകരണങ്ങളും നല്‍കും. സ്‌കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിക്കും.

വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ഇ ക്യൂബ് (എന്‍ജോയ്, എന്‍ഹാന്‍സ്, എന്റിച്ച്) എന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം ഉറപ്പാക്കാന്‍ എക്വിപ് പദ്ധതി. കുട്ടിക്ക് പ്രത്യേക പരീക്ഷകള്‍ നടത്തി ആത്മ വിശ്വാസം നല്‍കാന്‍ സാധിക്കും.

വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കാനും നല്ല ആശയങ്ങള്‍ സ്റ്റാര്‍ട്ട് അപ്പുകളായി മാറ്റാനും അവസരം നല്‍കുന്ന സണ്‍ഡേ ലാബുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കും. സ്ഥല സൗകര്യമുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കും.

ആരോഗ്യ സൗഹൃദം; ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 13.80 കോടി

ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിനായി 1.50 കോടി

ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിനായി 1.50 കോടി രൂപ വകയിരുത്തി. സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.50 കോടി രൂപ വകയിരുത്തി. മാറുന്ന ജീവിതരീതിയും ശൈലിയും രോഗികളാക്കുന്ന സമൂഹത്തില്‍ പാലിയേറ്റീവ് പരിശീലന കേന്ദ്രത്തിനായി ഒരു കോടി രൂപ വകയിരുത്തി. പാലിയേറ്റീവ് നേഴ്സുമാര്‍ക്കും സഹായികള്‍ക്കുമുള്ള പരിശീലന കേന്ദ്രം തൃതല പഞ്ചായത്ത് സംയുക്ത പദ്ധതിയായി ഏറ്റെടുക്കും. ജില്ലാ പഞ്ചായത്ത് 35 ലക്ഷം വകയിരുത്തി.

ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രി ഏറ്റെടുത്ത് മികച്ച സംവിധാനമാക്കാന്‍ പദ്ധതി. സര്‍ക്കാര്‍ അനുവദിച്ച 20 കോടിക്ക് പുറമേ ആവശ്യമെങ്കില്‍ ജില്ലാ പഞ്ചായത്തും വിഹിതം അനുവദിക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ചികിത്സാ രീതികള്‍ ജനപ്രിയമാക്കി ജനങ്ങള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 13.80 കോടി വകയിരുത്തി.

സ്ത്രീകളേയും കുട്ടികളേയും ചേര്‍ത്ത് പിടിച്ച് പദ്ധതികള്‍

ചില്‍ഡ്രണ്‍സ് പാര്‍ക്കിന് ഒരു കോടി, വനിതകള്‍ക്ക് ഷി ജിമ്മിന് 50 ലക്ഷം

വിളര്‍ച്ച മുക്ത സ്ത്രീ സമൂഹത്തെ സൃഷ്ടിക്കാന്‍ ടാര്‍ഗറ്റ് 12 അറ്റ് 25 പദ്ധതി പ്രഖ്യാപിച്ചു. 2015 ഓടെ സ്ത്രീകളുടെ എച്ച്.ബി 12ലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തുളസി, മുരിങ്ങയില കൃഷി, സ്ത്രീകള്‍ക്ക് പോഷകാഹാര കിറ്റ് എന്നിവ നല്‍കി പദ്ധതി നടത്തും. കുടുംബശ്രീക്ക് 1.5 കോടി വകയിരുത്തി. ജില്ലാ ആശുപത്രിക്ക് സ്ഥലം വാങ്ങുന്നതിനായി 1.50 കോടി രൂപ വകയിരുത്തി.

വനിതകള്‍ക്ക് വ്യായാമത്തിന് പഞ്ചായത്തുകളുമായി സഹകരിച്ച് ഷി ജിമ്മുകള്‍ സ്ഥാപിക്കും. അജാനൂര്‍, പിലിക്കോട് പഞ്ചായത്തുകളില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വം ഉറപ്പാക്കാന്‍ മെന്‍സ്ട്രുല്‍ കപ്പുകള്‍ വിതരണം ചെയ്യും. പഞ്ചായത്തുകളുമായി ചേര്‍ന്ന നടത്തുന്ന പദ്ധതിക്ക് 30 ലക്ഷം രൂപ വകയിരുത്തി.

കുട്ടികള്‍ക്ക് പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് പഞ്ചായത്തുകളുമായി സംയുക്ത പദ്ധതി നടപ്പിലാക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. സ്വന്തമായി കെട്ടിടമില്ലാത്ത 34 അങ്കണ്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 1.50 കോടി വകയിരുത്തി. തൃതല പഞ്ചായത്ത്, കെ.ഡി.പി സഹകരണത്തോടെ പദ്ധതി നടപ്പാക്കും. സ്ഥലമുള്ള അങ്കണ്‍വാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുകോടി വകയിരുത്തി. കാസര്‍കോട് വികസന പാക്കേജുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും.

പ്രവാസി സംഗമത്തിന് 20 ലക്ഷം

പ്രവാസികളെ പരിഗണിച്ച് റൈസിങ് കാസര്‍കോട് എന്‍.ആര്‍.ഐ മീറ്റ് സംഘടിപ്പിക്കും. ഇതിനായി 20 ലക്ഷം വകയിരുത്തി. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റൈസിങ് കാസര്‍കോട് ഹെല്‍പ്പ് ഡെസ്‌കിന് ഓഫീസ് സൗകര്യം ഏര്‍പ്പെടുത്തും.

തീര മേഖലയില്‍ ടൂറിസം കാര്‍ണിവെലിന് 30 ലക്ഷം

തീരസംരക്ഷണത്തിന്റെ ഭാഗമായി മനോഹരമാക്കിയ കടല്‍ തീരങ്ങളില്‍ ടൂറിസം കാര്‍ണിവെല്‍ സംഘടിപ്പിക്കും. മഞ്ചേശ്വരം കണ്വതീര്‍ത്ഥം, മൊഗ്രാല്‍, ചെമ്പരിക്ക, ഹോസ്ദുര്‍ഗ്ഗ്, കൈറ്റ് ബീച്ച്, നീലേശ്വരം അഴിഞ്ഞം, വലിയ പറമ്പ് ബീച്ച് എന്നിവിടങ്ങില്‍ ഡി.ടി.പി.സി യുടെ സഹകരണത്തോടെ ടൂറിസം കാര്‍ണിവെല്‍ സംഘടിപ്പിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി.

ജൈവ വൈവിധ്യ സംരക്ഷണത്തിന് 40 ലക്ഷം

നാലിലാംകണ്ടം, മായിപ്പാടി എന്നിവിടങ്ങളില്‍ ജൈവ ഉദ്യാനങ്ങള്‍ ഒരുക്കും

രാജ്യത്തിന് മാതൃകയായി സ്വന്തമായി വൃക്ഷം, പക്ഷി, പുഷ്പം, ജീവി എന്നിവയുള്ള ജില്ലയാണ് കാസര്‍കോട്. ഈ വര്‍ഷം ഇവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനും കൂടുതലായി ആളുകള്‍ക്ക് പരിചയപ്പെടുത്താനും പദ്ധതിയുണ്ട്. നാലിലാംകണ്ടം, മായിപ്പാടി എന്നിവിടങ്ങളില്‍ ജൈവ ഉദ്യാനങ്ങള്‍ ഒരുക്കും. മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും ജീനോം സേവ്യര്‍ അവാര്‍ഡും തുടരും.

വയോജനങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കി സായന്തനം @ 40

വയോജനങ്ങള്‍ക്ക് ജറിയാട്രിക് ഫുഡ് നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. തൃതല പഞ്ചായത്തുകളുടെ സഹകരണത്തോടെ അങ്കണ്‍വാടി മുഖേനെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയുടെ നാല്‍പതാം വാര്‍ഷികം പ്രമാണിച്ച് സായന്തനം@ 40 എന്നപേരില്‍ പോഷകാഹാര വിതരണം നടത്തും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സ്വയംതൊഴില്‍ പരിശീലനത്തിന് 10 ലക്ഷം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ 10 ലക്ഷം രൂപ വകയിരുത്തി.

ഭിന്നശേഷി സൗഹൃദ ജില്ല

ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും.

ഹാപ്പിനസ് പാര്‍ക്കുകള്‍ക്ക് ഒരു കോടി

ജാതിമത പ്രായ ഭേദമന്യേ വികസനവും കരുതലും ഉറപ്പു വരുത്തുന്നതോടൊപ്പം ജാതിമത പ്രായഭേദമന്യേ എല്ലാവര്‍ക്കും കൂടിയിരിക്കാനും ആസ്വദിക്കാനും കഴിയുന്ന പൊതുയിടങ്ങള്‍ സൃഷ്ടിക്കാനായി ഹാപ്പിനസ് പാര്‍ക്കുകള്‍ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ ഹാപ്പിനസ്സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനുപുറമേ ജില്ലാ പഞ്ചായത്ത് പരിസരത്ത് ഒരു മാതൃക ഹാപ്പിനസ് പാര്‍ക്ക് ഒരുക്കും.

എസ്.സി, എസ്.ടി നൈപുണ്യ വികസനത്തിന് 50 ലക്ഷം

പുല്ലൂര്‍ പെരിയയില്‍ ഗോത്ര ഗ്രാമം- 50 ലക്ഷം

എന്‍.ടി.ടി.എഫിന്റെ സഹായത്തോടെ നടപ്പാക്കി വരുന്ന കമ്പ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോള്‍, വെര്‍ട്ടിക്കല്‍ മെഷിനറി സെന്റര്‍ എന്നീ കോഴ്സുകള്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് നല്‍കും. ഇതിനായി 50 ലക്ഷം വകയിരുത്തി. നേരത്തെ പരിശീലനം ലഭിച്ച് എസ്.ടി മേഖലയിലെ ഉദ്യോര്‍ത്ഥികളെല്ലാം വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിയിട്ടുണ്ട്. പട്ടിക ജാതി മേഖലയിലെ യുവതീയുവാക്കള്‍ക്ക് ഹെവി ഡ്രൈവിങ് പരിശീലനം നല്‍കി വരുന്നുണ്ട്. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലെ ബിദിയാല്‍ കോളനിയില്‍ ഗോത്രകലാഗ്രാമം സ്ഥാപിക്കും. ഡി.പി.ആര്‍ തയ്യാറാക്കി ഈ വര്‍ഷം പ്രവൃത്തി ആരംഭിക്കും.

കൊറഗ പാക്കേജിന് 50 ലക്ഷം

കൊറഗ മേഖലയിലെ സമഗ്ര വികസനത്തിന് സ്വയംതൊഴില്‍ പരിശീലനം നല്‍കാന്‍ പദ്ധതി. കോളനിയുടെ സമഗ്ര വികസനവും പോഷകാഹാര വിതരണവും ഇത്തവണ ഏറ്റെടുക്കും.

മലയോര മേഖലയില്‍ ഫിഷ് ബൂത്തുകള്‍, എത്തിക്കാന്‍ പ്രത്യേക വാഹനം 20 ലക്ഷം

ശുദ്ധമായ മത്സ്യം മലയോര മേഖലയിലെത്തിക്കാന്‍ ഫിഷറീസ് മത്സ്യ വികസന ഏജന്‍സി എന്നിവയുമായി സഹകരിച്ച് ഫിഷറീസ് ബൂത്തുകള്‍ സ്ഥാപിക്കും. ഇതിനായി 20 ലക്ഷം രൂപ വകയിരുത്തി.

ചട്ടഞ്ചാല്‍ അഗ്രി ഹബ്ബിന് ഒരു കോടി

സംസ്ഥാന സര്‍ക്കാര്‍, ത്രിതല പഞ്ചായത്ത്, കാസര്‍കോട് വികസന പാക്കേജ് എന്നിവയുടെ സഹകരണത്തോടെ ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് അഗ്രി ഹബ്ബ് സ്ഥാപിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.  
 
പടന്നക്കാട് കാര്‍ഷിക കോളേജുമായി ചേര്‍ന്ന് ആസ്പെയര്‍ പദ്ധതിക്ക് 2.20 കോടി

വിവിധ സംരംഭക മേഖലകളില്‍ പ്രാദേശികമായി ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായ പദ്ധതിയായ ആസ്പയര്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രമാണ് പദ്ധതി നടത്തുന്നത്.

സാംസ്‌ക്കാരിക മേഖലയില്‍ പുസ്തകം കുറഞ്ഞ ലൈബ്രറികള്‍ക്ക് പുസ്തകം നല്‍കാന്‍ 25 ലക്ഷം രൂപ വകയിരുത്തി. വജ്ര ജൂബിലി കലാകാരന്‍മാര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ 10 ലക്ഷം എന്നിവ വകയിരുത്തി. സമം സാംസ്‌ക്കാരികോത്സവം സംഘടിപ്പിക്കും.

ടിഷ്യു കള്‍ച്ചര്‍ ലാബിന് 70 ലക്ഷം, കല്ലുമ്മക്കായ സംസ്‌ക്കരണത്തിന് 80 ലക്ഷം
 വകയിരുത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് കല്ലുമ്മക്കായ സംസ്‌ക്കരണത്തിന് 80 ലക്ഷം രൂപ വകയിരുത്തി.

പുണാര്‍പുളി നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി, മഞ്ചേശ്വരം ഇ.ടി.സിയുമായി ചേര്‍ന്ന് മില്ലറ്റ് കൃഷിയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കലും, വോര്‍ക്കാടി പഞ്ചായത്തില്‍ പ്രോജനി ഓര്‍ച്ചാഡ്, സീഡ് ഫാമുകളില്‍ വെളിച്ചെണ്ണ യൂണിറ്റ്, പഞ്ചായത്തുമായി സഹകരിച്ച് ക്ഷീര കര്‍ഷകര്‍ക്ക് റിവോള്‍വിങ് ഫണ്ട് 50 ലക്ഷം, ജില്ലാ പഞ്ചായത്ത് റോഡുകള്‍ ജനസൗഹൃദമാക്കല്‍ തുടങ്ങി വിവിധ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ആമുഖ പ്രസംഗം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ഡിവിഷന്‍ അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date