Skip to main content

മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും ഫെബ്രുവരി എട്ട് മുതല്‍ നാഷണല്‍ സയന്‍സ് എക്സ്പോ

മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി എട്ട് മുതല്‍ 11 വരെ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ പത്ത് മുതല്‍ നാഷണല്‍ സയന്‍സ് എക്സ്പോ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്‍പതിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഐ.സി.സി.എസ് തയ്യാറാക്കിയ ക്ലൈമെറ്റ് സ്റ്റേറ്റ്മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തുടര്‍ന്ന് മികച്ച യുവ ശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌ക്കാരങ്ങള്‍ എന്നിവ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസര്‍ച്ച് പ്രൊജക്ടുമാണ് നല്‍കുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ പ്രഭാഷണം നടത്തും. 2022 നോബേല്‍ സമ്മാന ജേതാവ് മോര്‍ട്ടെന്‍ പി മെഡല്‍, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.മനോജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവ് (2022) പ്രൊഫ.മോര്‍ട്ടന്‍ മെല്‍ഡന്‍ പ്രഭാഷണം നടത്തുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്യും.

ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. യുവ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനും അവരുടെ അറിവുകള്‍ പങ്കിടാനുമുള്ള ഒരു വേദിയാണ് കേരള സയന്‍സ് കോണ്‍ഗ്രസ്. വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ശാസ്ത്ര മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. പി.കെ.അയ്യങ്കാര്‍, പി.ടി.ഭാസ്‌ക്കര പണിക്കര്‍, ഡോ.പി.കെ.ഗോപാലകൃഷ്ണന്‍, ഡോ.പി.ആര്‍.പിഷാരടി, ഡോ.ജി.എന്‍.രാമചന്ദ്രന്‍, ഡോ.ഇ.കെ.ജാനകിയമ്മാള്‍, ഡോ.ഇ.താണുപത്മനാഭന്‍, ഡോ.എം.എസ്.സ്വാമിനാഥന്‍ എന്നിവരുടെ സ്മരണാര്‍ത്ഥം മെമ്മോറിയല്‍ പ്രഭാഷണങ്ങള്‍, 12 വിഷയങ്ങളിലായി തെരഞ്ഞെടുത്ത പ്രബന്ധ, പോസ്റ്റര്‍ അവതരണങ്ങളും നടക്കും. ബാലശാസ്ത്ര കോണ്‍ഗ്രസ് വിജയികളായ കുട്ടി ശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ബിരുദാന്തര ബിരുദം വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയും നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാക്ക് വിത്ത് സയന്റിസ്റ്റ് പരിപാടിയുടെ ഭാഗമാകും.

രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപുകള്‍ എന്നിവയുടെ സ്റ്റാളുകള്‍ എക്സ്പോയുടെ ഭാഗമായി ഒരുക്കും. ജില്ലയുടെ പ്രാദേശിക പ്രശ്നങ്ങള്‍ക്ക് മികച്ച ശാസ്ത്രീയ പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന യുവാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രം, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവ ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനും അറിവുകള്‍ പങ്കിടാനുമുള്ള വേദിയാണ് കേരള സയന്‍സ് കോണ്‍ഗ്രസ്.

date