Skip to main content

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ബജറ്റ്: സംരംഭകത്വ പ്രോത്സാഹനവും വയോജന ക്ഷേമവും പ്രത്യേക ലക്ഷ്യം

 

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വർഷത്തെ വാർഷിക ബജറ്റിൽ യുവജനങ്ങൾ,വനിതകൾ എന്നിവരുടെ സംരംഭകത്വ പ്രോത്സാഹനത്തിന് കൂടുതൽ അവസരങ്ങൾ. ഗ്രാമ പഞ്ചായത്തിനെ വയോജന സൗഹൃദമാക്കി മാറ്റുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. 

വിവിധ ഇനങ്ങളിലായി 21,91,75,121 രൂപയുടെ ആകെ വരവും, 21,62,96, 491 രൂപയുടെ ചെലവും, 28,76,630 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ്  അവതരപ്പിച്ച വാർഷിക ബജറ്റ്. കേരഗ്രാമം, ഹരിത സമൃദ്ധി, തരിശു രഹിത ഗ്രാമം തുടങ്ങിയ കാർഷിക മേഖലയിലെ പദ്ധതികളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവുമായി സംയോജിപ്പിച്ച് കാർഷിക മേഖലയിലും അനുബന്ധ തൊഴിൽ മേഖലകളിലും നിരവധി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.

കുടുംബശ്രീ,വനിതാ വികസനം,പട്ടികജാതി,പട്ടിക വർഗ്ഗ ക്ഷേമം എന്നീ മേഖലകളിലും നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് ആ മേഖലയിൽ ഉൽപ്പാദന വർദ്ധനവും തൊഴിലും ലക്ഷ്യമാക്കുന്നതോടൊപ്പം ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നു. വനിതകളുടെ കായിക ശേഷിയും, ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യം വെച്ച് ഉള്ള വനിതാ ജിം ബജറ്റിൻ്റെ ലക്ഷ്യമാണ്. സമ്പൂർണ്ണ വയോ സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം നേടുന്നതിന് വേണ്ടി പകൽ വീടുകൾ, വയോ പാർക്കുകൾ, ഹാപ്പിനസ്സ് പാർക്കുകൾ, ലഘു നിർമ്മാണ യൂണിറ്റുകൾ, വയോജനങ്ങളുടെ തുടർ പഠനവും, സാമൂഹ്യ മാനസിക ശാക്തീകരണം ലക്ഷ്യം വെയ്ക്കുന്ന പ്രത്യേക പദ്ധതികൾ എന്നിവ 2024-25 വർഷത്തിൽ നടപ്പാക്കുന്നു.

ബഡ്സ് സ്കൂൾ, എല്ലാ വാർഡുകളിലും ലൈബ്രറികൾ, സംസ്കാരിക കേന്ദ്രങ്ങൾ, ആകർഷകമായ പൊതു ഇടങ്ങൾ, ചോറ്റാനിക്കര ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സിന്തറ്റിക്  ട്രാക്ക് എന്നിങ്ങനെ വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക മേഖലകളിലും പദ്ധതികൾ ആവിഷ്കരിക്കുന്നു. 
അങ്കണവാടി കെട്ടിടങ്ങളുടെ നവീകരണം സ്വന്തമായി കെട്ടിടമില്ലാത്തവയ്ക്ക് കെട്ടിടം എന്നിവയും വരും വർഷത്തിൽ ലക്ഷ്യം വെക്കുന്നു.
നിർദിഷ്ട ടെമ്പിൾ സിറ്റി, റോഡുകളുടെ വികസനം, ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികൾക്കും പ്രത്യേകമായി തുക വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് ക്ഷേമ സമിതി ചെയർപേഴ്സൺമാർ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണം സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിശദമായ ചർച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കി.

date