Skip to main content

വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് പുരസ്‌കാര തുടര്‍ച്ച സ്വരാജ് ട്രോഫി ജില്ലാതലത്തില്‍ അഞ്ചാം തവണയും ഒന്നാം സ്ഥാനം

അഞ്ചാം തവണയും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി നേടി വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമ്പൂര്‍ണ കുടിവെള്ളം, മാലിന്യമുക്ത ഗ്രാമം, തരിശുരഹിത പഞ്ചായത്ത്, ജൈവഗ്രാമം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, എല്ലാ വീട്ടുപടിക്കലേക്കും റോഡ്, ആശുപത്രികളുടെ നവീകരണം, വിദ്യാലയങ്ങളുടെ നവീകരണം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2022-23 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് 100 ശതമാനം നികുതി പിരിവ് 100 ശതമാനം പദ്ധതി നിര്‍വഹണവും നടത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷിയുടെ വിസ്തൃതി മുന്‍വര്‍ഷങ്ങളിലേക്കാള്‍ വര്‍ധിച്ചു. നെല്ലുത്പാദനം കൂടി. പഞ്ചായത്ത് തരിശുരഹിത പഞ്ചായത്താക്കി. ആരോഗ്യരംഗത്ത് അടക്കാപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം, വെള്ളിനേഴി കുടുബാരോഗ്യ കേന്ദ്രം എന്നിവയെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തി വൈകിട്ട് വരെ ചികിത്സ ഏര്‍പ്പെടുത്തി. മരുന്ന്, ആധുനിക ലബോറട്ടറി സൗകര്യം, മികച്ച സേവനം എന്നിവ ഉറപ്പുവരുത്തി. പഞ്ചായത്തിലെ രണ്ട് ജി.എല്‍.പി. സ്‌കൂളുകളും സ്മാര്‍ട്ട് വിദ്യാലയങ്ങളാക്കി. വലിയ തോതില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി.
സംസ്ഥാനത്തെ മികച്ച മാലിന്യ മുക്തപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഗ്രാമപഞ്ചായത്തായി വെള്ളിനേഴി മാറിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.ജയലക്ഷ്മി പറഞ്ഞു. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം വളരെ ഫലപ്രദമായി നടന്നു വരുന്നു. ജനങ്ങളുടെ വലിയതോതിലുള്ള പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ട്. വെള്ളിനേഴിയെ സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് നൂതന പ്രോജക്ടുകള്‍ നടപ്പാക്കി. ജന്‍ഡര്‍ ഗെയിംസ് ഫെസ്റ്റിവല്‍, പെണ്‍കരുത്ത്-വിധവ പദവി പഠനം എന്നിവ സംഘടിപ്പിച്ചു. ലഹരി മുക്ത പരിപാടിയുടെ ഭാഗമായ വര്‍ജ്ജനം എന്ന ഗ്രാമ പഞ്ചായത്തിന്റെ തനതു പദ്ധതി നടപ്പാക്കി. മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. തോടുകളുടെ നവീകരണം, കിണര്‍ റീചാര്‍ജിങ്, സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നായി വെള്ളിനേഴിയെ തെരഞ്ഞെടുത്തു. നക്ഷത്രവനവും ജൈവ വൈവിധ്യ ഉദ്യാനവും ഔഷധസസ്യത്തോട്ടവും മിയാവാക്കി വനവും നിര്‍മിച്ചു.
വെള്ളിനേഴിയെ പൈതൃകഗ്രാമമാക്കി ഉയര്‍ത്തി. റൂറല്‍ ആര്‍ട് ഹബ്ബിന്റെ ഭാഗമായി കഥകളി കോപ്പ് പരിശീലന കേന്ദ്രം വെള്ളിനേഴിയില്‍ ആരംഭിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ സ്മാരകം കെട്ടിടനിര്‍മാണം പൂര്‍ത്തീകരിച്ചു. കലാഗ്രാമത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കലാരംഗത്തെ പ്രതിഭകള്‍ക്ക് അവാര്‍ഡുകളും ഗ്രാമ പഞ്ചായത്ത് നല്‍കി വരുന്നുണ്ട്. ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരുടെ ലക്ഷ്യബോധത്തോടെയും അര്‍പ്പണ മനോഭാവത്തോടെയുമുള്ള പ്രവര്‍ത്തനമാണ് ഈ നേട്ടം കൈവരിക്കാന്‍ അവസരമൊരുക്കിയതെന്ന് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി അറിയിച്ചു. പഞ്ചായത്തിന്റെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ച ലക്ഷ്യം വെച്ചു കൊണ്ടുള്ള വികസന പദ്ധതികളാണ് ഭരണസമിതി തയ്യാറാക്കിയിരുന്നത്. വൈവിധ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ അഴിമതിരഹിതമായി നടത്തിയതിന്റെ അംഗീകാരമാണ് സ്വരാജ് ട്രോഫിയിലൂടെ നേടിയിരിക്കുന്നതെന്നും വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി പറഞ്ഞു.
 

date