Skip to main content

വടക്കാഞ്ചേരി നഗരസഭ സ്വച്ഛത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ജനുവരി ഫെബ്രുവരി മാസങ്ങളിലെ വടക്കാഞ്ചേരി നഗരസഭയുടെ സ്വച്ഛത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സ്വച്ഛ് വാര്‍ഡ്, സ്വച്ഛ് ചാമ്പ്യന്‍, സ്വച്ഛ് സ്‌കൂള്‍, സ്വച്ഛ് ഓഫീസ്, സ്വച്ച് കോളേജ്, സ്വച്ഛ് ഹോട്ടല്‍, സ്വച്ഛ് ഹോസ്പിറ്റല്‍, സ്വച്ച് റസിഡന്‍സ് അസോസിയേഷന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അവാര്‍ഡ് ജേതാക്കള്‍ക്ക് വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി പുരസ്‌കാരങ്ങള്‍ നല്‍കി.

 ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീസ് കളക്ഷന്‍, ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ കൃത്യമായ ഉപയോഗം,  ശുചിത്വ നിലവാരം എന്നിവ കണക്കെടുത്ത് ജനുവരി മാസത്തെ സ്വച്ഛ് വാര്‍ഡ് ഡിവിഷന്‍ 30 മിണാലൂര്‍ വടക്കേക്കരയും ഫെബ്രുവരി മാസത്തെ സ്വച്ഛ് വാര്‍ഡായി ഡിവിഷന്‍ 28 പാര്‍ളിക്കാട് വെസ്റ്റും തിരഞ്ഞെടുത്തു.

 ഡിവിഷന്‍ കൗണ്‍സിലര്‍മാരായ എം.ആര്‍ അനൂപ് കിഷോര്‍, ധന്യ നിധിന്‍ എന്നിവര്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കൊപ്പം എംഎല്‍എ സേവിയര്‍ ചിറ്റിലപ്പിള്ളിയില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. അവധിയെടുക്കാതെ ജോലിചെയ്ത ഹരിത കര്‍മ്മസേന അംഗം രജിത സുധീര്‍ ജനുവരി മാസത്തെ സ്വച്ഛ് ചാമ്പ്യനായി തിരഞ്ഞെടുത്തു.

 നഗരസഭയുടെ സ്‌നേഹാരാമം ഉദ്യാനം സ്വന്തംപോലെ കാത്തുസൂക്ഷിക്കുന്നതിന് വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ഷാരൂഖാനെ ഫെബ്രുവരി മാസത്തെ സ്വച്ഛ് ചാമ്പ്യനായി തിരഞ്ഞെടുത്തു. നഗരസഭയുടെ മാലിന്യ സംസ്‌കരണം സ്വച്ഛ് സര്‍വേഷന്‍ പ്രവര്‍ത്തനങ്ങളുമായുള്ള സഹകരണം എന്നിവ പരിഗണിച്ച് ജനുവരി ഫെബ്രുവരി മാസങ്ങളിലെ സ്വച്ഛ് സ്‌കൂള്‍ അവാര്‍ഡ് എം ആര്‍ എസ് സ്‌കൂള്‍, ആര്യംപാടം സര്‍വോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവര്‍ യഥാക്രമം അര്‍ഹരായി. വടക്കാഞ്ചേരി ഫോറസ്റ്റ് ഓഫീസ്, വടക്കാഞ്ചേരി പോസ്റ്റ് ഓഫീസ് തുടങ്ങിയ ഓഫീസുകള്‍ക്ക് സ്വച്ഛ് ഓഫീസ് പദവി ലഭിച്ചു.
 
നഗരസഭയുടെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ശ്രീ വ്യാസ എന്‍ എസ് എസ് കോളേജ് ജനുവരി മാസത്തെ സ്വച്ഛ് കോളേജായും ഡെന്റല്‍ കോളേജ് മുളങ്കുന്നത്തുകാവ് ഫെബ്രുവരി മാസത്തെ സ്വച്ഛ് കോളേജും തെരഞ്ഞെടുത്തു. അത്താണി സെലക്‌സ് ഹോട്ടല്‍, അകമല ശ്രീ പത്മനാഭ ഹോട്ടല്‍ എന്നിവ യഥാക്രമം ജനുവരി ഫെബ്രുവരി മാസങ്ങളിലെ സ്വച്ഛ് ഹോട്ടലായി തിരഞ്ഞെടുക്കപ്പെട്ടു. 

വൃത്തിയുള്ള പാതയോരം, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് അത്താണി ഗ്രീന്‍ പാര്‍ക്ക് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ജനുവരി മാസത്തെ സ്വച്ഛ് അസോസിയേഷനായും, ഇരട്ടക്കുളങ്ങര റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഫെബ്രുവരി മാസത്തെ സ്വച്ഛ് റെസിഡന്‍ഷ്യല്‍ അസോസിയേഷനായും തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ഒ.ആര്‍ ഷീല മോഹന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ആര്‍ അനൂപ് കിഷോര്‍, എ.എം ജമീലാബി, സ്വപ്ന ശശി, നഗരസഭ സെക്രട്ടറി കെ.കെ മനോജ്,കൗണ്‍സിലര്‍മാര്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date