Skip to main content

സംസ്ഥാനത്ത് ഗവേഷണ പോളിസി രൂപീകരിക്കും: മന്ത്രി വീണാ ജോർജ്

*സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം

സംസ്ഥാനത്ത് ഗവേഷണവുമായി ബന്ധപ്പെട്ട് ഗവേഷണ പോളിസി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗവേഷണത്തിന് അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഗവേഷണ നയം രൂപീകരിക്കുന്നത്. ഗവേഷണ രംഗത്ത് ഏറെ സഹായകരമായ ഗവേഷണ പോളിസി എത്രയും വേഗം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമായിരിക്കുകയാണ്. ആരോഗ്യ സർവകലാശാലയുടെ ദീർഘകാല സ്വപ്നമാണ് സ്വന്തം കെട്ടിടത്തിലൂടെ സാക്ഷാത്ക്കരിച്ചത്. സർക്കാരിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 28 കോടി രൂപയോളം ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ട് മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കി. നഴ്സിംഗ് മേഖലയിൽ 7 സർക്കാർ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. കൂടാതെ സിമെറ്റിന്റെ കീഴിലും സീപാസിന്റെ കീഴിലും നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. 2500 ഓളം നഴ്സിംഗ് സീറ്റുകൾ ഈ രണ്ട് വർഷക്കാലത്തിനുള്ളിൽ പുതുതായി അനുവദിച്ചു. പിജി സീറ്റുകൾ കൂടുതൽ ലഭ്യമാക്കാൻ പരിശ്രമിച്ചു. അടുത്തിടെ 270 ഡോക്ടർമാരെ ഒരുമിച്ച് നിയമിച്ചു.

ആരോഗ്യ രംഗത്ത് ആഗോള ബ്രാൻഡായിട്ടുള്ള എല്ലാ മേഖലകളിലും നമ്മൾ എത്തപ്പെടണം എന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആദ്യമായി ദേശീയ റാങ്കിംഗിൽ ഉൾപ്പെട്ടു. ഇത്തവണ റാങ്കിംഗിൽ കൂടുതൽ മുന്നേറാനാണ് ശ്രമിക്കുന്നത്.

വർത്തമാന കാലഘട്ടത്തെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവ നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന് കഴിയും. പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്പബ്ലിക് ഹെൽത്ത് കേഡർ എന്നിവ രൂപീകരിക്കുന്നതിന് മതിയായ കോഴ്സുകൾ ആരംഭിക്കും

തിരുവിതാംകൂർമദിരാശി പൊതുജനാരോഗ്യ നിയമങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുതിയകാല വ്യത്യസ്ത ആരോഗ്യ വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ജന്തുജന്യ രോഗങ്ങളുടെ ഭീഷണിയുമുണ്ട്. ഇത് മുന്നിൽ കണ്ട് വൺ ഹെൽത്ത് നടപ്പിലാക്കി. ഈ കാലഘട്ടത്തിന് അനുസൃതമായി ഒരു നിയമം വേണമെന്ന് കണ്ടാണ് പൊതുജനാരോഗ്യ ബിൽ അവതരിപ്പിച്ചത്. അതിന്റെ ചട്ട രൂപീകരണത്തിനുള്ള നടപടി സ്വീകരിച്ചു വരുന്നു. ആരോഗ്യ അടിയന്തരാവസ്ഥയുണ്ടായാൽ നേരിടാനുള്ള സമഗ്രമായ നിയമമാണ് നിലവിൽ വന്നിട്ടുള്ളത്.

നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള ഡേറ്റകളുണ്ട്. ഈ ഡേറ്റകൾ ഏകോപിപ്പിച്ച് ആരോഗ്യ മേഖലയ്ക്ക് ഉതകുന്ന പ്രോജക്ടുകൾ തയ്യാറാക്കും. മെഡിക്കൽ കോളേജ് കാമ്പസിൽ വലിയ രീതിയിൽ മാറ്റം വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സ്വാഗതം ആശംസിച്ചു. കൗൺസിലർ ഡി.ആർ. അനിൽഎത്തിക്സ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ഹരിഹരൻ നായർമുൻ വൈസ് ചാൻസലർ ഡോ. എംകെസി നായർസി.പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർ ജേക്കബ് വർഗീസ്എക്സി. എഞ്ചിനീയർ ടി. റഷീദ്പ്രോ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസ്ആർ.സി.സി. ഡയറക്ടർ ഡോ. രേഖാ നായർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്1003/2024

date