Skip to main content

രോഗികൾക്ക് ഇനി അലയേണ്ട: മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കാരുണ്യ ഫാർമസി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ 75-ാമത് ശാഖയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാർമസി പ്രവർത്തിക്കും.

മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ കാരുണ്യ ഫാർമസി ആരംഭിച്ചത്. കമ്മ്യൂണിറ്റി ഫാർമസി കെട്ടിടത്തിലാണ് പുതിയ ഫാർമസി. നേരത്തെ ഒപി ബ്ലോക്കിലാണ് കാരുണ്യ ഫാർമസി ഉണ്ടായിരുന്നത്. രാത്രിയിലുൾപ്പെടെ വളരെ ദൂരം നടന്ന് പോയി മരുന്ന് വാങ്ങേണ്ട അവസ്ഥ സ്ത്രീകൾ ഉൾപ്പെടെയുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ മന്ത്രി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തുമ്പോൾ അറിയിച്ചിരുന്നു. കൂടാതെ രാത്രി കാലങ്ങളിൽ മന്ത്രി ഇത് നേരിട്ട് കാണുകയും ചെയ്തിരുന്നു. തുടർന്നാണ് രോഗികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് കാരുണ്യ ഫാർമസി ആരംഭിക്കാൻ മന്ത്രി കെ.എം.എസ്.സി.എൽ.ന് നിർദേശം നൽകിയത്. നിലവിൽ ഫാർമസികളെല്ലാം ഒരേ കെട്ടിടത്തിൽ വന്നതോടെ രോഗികൾക്ക് ഏറെ സഹായകരമാണ്.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

പി.എൻ.എക്‌സ്. 1008/2024

 

 

date