Skip to main content

കോർപറേഷനിലെ മാലിന്യ സംസ്‌ക്കരണ പ്രവർത്തനം;  കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

 

കോഴിക്കോട് കോർപറേഷനിലെ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ  യോഗം ചേർന്നു. 

സാനിറ്ററി വേസ്റ്റ് കളക്ഷൻ സെന്റർ, കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് കളക്ഷൻ സെന്റർ എന്നിവ ആരംഭിക്കുന്നതിനു മറ്റു വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ വിട്ടു നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ വകുപ്പ് തലവൻമാരോട് കളക്ടർ നിർദ്ദേശിച്ചു.

നിയമപരമായ ഇടപെടലിന്റെ ഭാഗമായി      കനോലി കനാലിലേക്ക് മലിനജലം ഒഴുക്കി വിടുന്ന എത്ര സ്ഥാപനങ്ങളിൽ എസ്.ടി.പി സ്ഥാപിച്ചു എന്നതിൽ കൃത്യത വരുത്തണം. നിലവിൽ കോളിഫോം ബാക്ടീരിയ, ഇ-കോളി എന്നിവയിൽ വലിയ വർധനവ് ആണുള്ളത്.   2024 ഡിസംബർ ആകുമ്പോഴേക്കും ടെസ്റ്റ് റിപ്പോർട്ടിൻ മേൽ ബാക്റ്റീരിയയുടെ എണ്ണം കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തണം.
കോഴിക്കോട് കോർപറേഷനിലെ അജൈവ മാലിന്യങ്ങൾ കൊണ്ട് പോകുന്ന ഏജൻസികളുടെ സംസ്‌ക്കരണ സൗകര്യത്തിലുള്ള പോരായ്‌മ മൂലം മാലിന്യങ്ങളുടെ  യഥാവിധി നീക്കം നടക്കുന്നില്ല. അതിനാൽ 10 വീതം വാർഡുകളെ ക്ലസ്റ്റർ ആക്കി മാറ്റി, അവിടങ്ങളിലെ മാലിന്യ നീക്കം വെവ്വേറെ ഏജൻസികളെ ഏൽപ്പിക്കുന്നത് നന്നായിരിക്കും എന്ന് കോർപ്പറേഷൻ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശത്തെയും ഏജൻസികളെ പങ്കെടുപ്പിച്ചു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിന്‌ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി യിൽ സ്വന്തമായി മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഉണ്ടാകണമെന്നും  അജൈവ മാലിന്യങ്ങൾ കോർപ്പറേഷന് കൈമാറുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സി യൂസർ ഫീ നൽകണമെന്നും യോഗത്തിൽ  തീരുമാനിച്ചു.

ബീച്ച് ശുചീകരണം അതിരാവിലെ തന്നെ പൂർത്തീകരിക്കേണ്ടതുണ്ട്. റോഡിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം ശുചീകരണ പ്രവൃത്തി നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി സെക്രട്ടറി അറിയിച്ചു. വിവരം പോലീസിൽ അറിയിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കും. ചിക്കൻ മാലിന്യങ്ങൾ എടുക്കുന്ന സ്ഥാപനം നൽകുന്ന തൂക്കത്തിലുള്ള ആധികാരികത സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടെന്നു യോഗം വിലയിരുത്തി. ഇതിനായി ഒരു മൊബൈൽ ആപ്പ് നിർമ്മിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്തി.

ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ ജോയിന്റ് ഡയറക്ടർ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, അസിസ്റ്റന്റ് ഡയറക്ടർ, ശുചിത്വ മിഷൻ കോർഡിനേറ്റർ, വിവിധ വകുപ്പുകളുടെ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date