Skip to main content

14 ജില്ലാ കേന്ദ്രങ്ങളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ ആസാദി വാക്കത്തോൺ

        ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം ആസാദ് സേനയുടെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആസാദ് വാക്കത്തോൺ സംഘടിപ്പിക്കും. എൻ എസ് എസ് സെല്ലുകളിലെയും വോളന്റിയർമാരുടെ പ്രാതിനിധ്യത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള പദയാത്രകളിൽ വോളന്റിയർമാർ തന്നെ രൂപകൽപ്പന ചെയ്ത ലഹരിവിരുദ്ധ തെരുവ് നാടകങ്ങളും ഫ്ലാഷ്മോബുകളും അരങ്ങേറും. 15,000 വോളന്റിയർമാർ വാക്കത്തോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു ലക്ഷത്തിൽപരം വ്യക്തികളുമായി നേരിട്ട് ഇടപെടുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്യും.

        ആസാദ് വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 6ന് വൈകുന്നേരം 3ന് കവടിയാർ വിവേകാനന്ദ പാർക്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.

പി.എൻ.എക്‌സ്. 1018/2024

date