Skip to main content

തിരഞ്ഞെടുപ്പ്: ഉച്ചനേരത്തെ പ്രചാരണ പരിപാടികള്‍ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍

കടുത്ത വേനല്‍ പരിഗണിച്ച് ഉച്ചനേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പരിമിതപ്പെടത്തണമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ നിര്‍ദേശിച്ചു. പകല്‍ 12 നും നാലിനും ഇടയ്ക്കുള്ള സമയങ്ങളില്‍ തണലുള്ള പ്രദേശങ്ങളില്‍ മാത്രം പൊതുയോഗങ്ങളും പ്രചാരണങ്ങളും നടത്തുകയും എല്ലാവരും ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ സമയങ്ങളില്‍ കുട്ടികളെ ഒരു കാരണവശാലും പ്രചാരണ പരിപാടികളുടെ ഭാഗമാക്കരുത്.

ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണം. പ്രചാരണ സാമഗ്രികളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കണം.

പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ക്രമീകരിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് കണക്കാക്കാന്‍ പി ഡബ്ല്യു ഡി, ആര്‍ ടി ഒ, ഡി റ്റി പി സി എന്നിവര്‍ തയ്യാറാക്കി നല്‍കുന്ന റേറ്റ് ചാര്‍ട്ട് ആവശ്യമായ ചര്‍ച്ചകളോടെ അംഗീകരിക്കാനും തീരുമാനമായി.

യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ വിവേക് കുമാര്‍, റൂറല്‍ എസ് പി സാബു മാത്യു, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക് ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date