Skip to main content

ലോക കേൾവി ദിനം: എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക കേൾവി ദിനത്തിനോട്‌ അനുബന്ധിച്ച് ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ ആർ. ഷാഹിർഷാ പരിപാടികളുടെയും നവീകരിച്ച ഓഡിയോളജി റൂമിന്റേയും ഉദ്ഘാടനവും നിർവഹിച്ചു. "മനോഭാവം മാറ്റുക - ചെവിയുടെയും കേൾവിയുടെയും പരിപാലനം എല്ലാവർക്കും നമുക്കത് യാഥാർത്ഥ്യമാക്കാം " എന്ന ലോക കേൾവി ദിന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് എറണാകുളം ഗവൺമെൻറ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു .

 

ലയോള അലുമിനി അസോസിയേഷൻ കേരള ചാപ്റ്റർ സമാഹരിച്ച ശ്രവണ സഹായി നിർദ്ധനരായ 20 പേർക്ക് ആശുപത്രി സൂപ്രണ്ട് വിതരണം ചെയ്തു.പരിപാടിയിൽ ഡോ.സായിഷ് ചന്ദ്രൻ ആരോഗ്യപ്രവർത്തകർക്കുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. ശ്രവണ വൈകല്യങ്ങൾ പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സാ നൽകേണ്ടതിന്റെ ആവശ്യകത, കേൾവിക്കുറവുള്ളവരോട്സാമൂഹിക മനോഭാവത്തിൽ വരേണ്ട മാറ്റങ്ങൾ, ചെവിയുടെ ആരോഗ്യ പരിപാലനത്തിൽ ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ശ്രവണ വൈകല്യം ഉള്ളവർ ശ്രവണ സഹായി ഉപയോഗിക്കേണ്ടതിൻറെ ആവശ്യകത തുടങ്ങിയവയെക്കുറിച്ച് ബോധവൽകരണം നടത്തി. 

 

കേൾവി ദിനത്തോടനുബന്ധിച്ച് നടന്ന ഷോർട്ട് ഫിലിം മത്സര വിജയി ഐറിൻ ചന്ദ്ര ബോസിന് ദേശീയ ബധിരത നിയന്ത്രണ പദ്ധതി നോഡൽ ഓഫീസർ ഡോ കെ.ജെ സജി ക്യാഷ് അവാർഡ് സമ്മാനിച്ചു. പരിപാടിയോട് അനുബന്ധിച്ച് ആശുപത്രി രോഗികൾക്കും ഓട്ടോ ഡ്രൈവർമാർ‌ക്കും ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിച്ചു.

 

ഡോ. എം. എസ് അഞ്ചു ചടങ്ങിൽ അധ്യക്ഷത വഹിച്ചു, ഇ.എൻ.ടി വിഭാഗം മേധാവി ഡോ. എലിസബത്ത്, ഡോ എം.കെ ജെയിംസ്, പോൾ ജെയിംസ്, സ്റ്റാൻലി കുഞ്ഞിപ്പാലു, ആശുപത്രി സ്റ്റാഫ് വെൽഫെയർ സെക്രട്ടറി ഡോ റോസ്മി വർഗീസ്, ആർ.എം.ഒ ഡോ. ഷാബ് ഷെരിഫ്, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു കെ.കുമാരി, ഡോ. ലക്ഷ്മി എന്നിവർ പങ്കെടുത്തു.

date