Skip to main content
വ്യവസ്ഥകൾ ഇളവുചെയ്ത് മുഴുവൻ നെല്ലും സംഭരിക്കും- മന്ത്രി ജി.ആർ. അനിൽ  -അടിയന്തര പ്രശ്നപരിഹാരത്തിന് റാപ്പിഡ് റെസ്പോൺസ് സെല്ലും ടോൾഫ്രീ നമ്പറും വരും

വ്യവസ്ഥകൾ ഇളവുചെയ്ത് മുഴുവൻ നെല്ലും സംഭരിക്കും- മന്ത്രി ജി.ആർ. അനിൽ -അടിയന്തര പ്രശ്നപരിഹാരത്തിന് റാപ്പിഡ് റെസ്പോൺസ് സെല്ലും ടോൾഫ്രീ നമ്പറും വരും

ആലപ്പുഴ: നിലവിലെ സംഭരണ വ്യവസ്ഥയിൽ ഇളവുവരുത്തി കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ഉത്പാദനക്ഷമത പലയിടത്തും പലരീതിയിലാണ്. ഇതിനാലാണ് 2200 കിലോ, അഞ്ച് ഏക്കർ എന്നുള്ള മാനദണ്ഡങ്ങൾ വയ്ക്കുന്നത്. ഇത് അയവു ചെയ്ത് കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കാനുള്ള നിർദേശമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷി വകുപ്പും നൽകിയതെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട കൃഷി ഓഫീസർ ശുപാർശ ചെയ്യുന്നതനുസരിച്ച് വ്യവസ്ഥകളിൽ മാറ്റം വരുത്തും. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ  'നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും' സംവാദം ഉദ്ഘാടനം ചെയുകയായിരുന്നു മന്ത്രി. 

പാടശേഖരങ്ങൾ മില്ലുകാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മില്ലുകാരുമായി ഈ മാസം 11-ന് ചർച്ച നടത്തും. കർഷകരുടെ ആശങ്കങ്ങൾ അവതരിപ്പിച്ച് ആവശ്യമായ പരിഹാരം കാണും. നെല്ല് സംഭരിച്ച് എത്രയും വേഗം പണം കൊടുക്കണമെന്നതാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ നെല്ല് സംഭരിച്ച് ഏഴ്-എട്ട് മാസം കഴിഞ്ഞാണ് സംസ്ഥാന സർക്കാരിന് അതിന്റെ പണം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. 1266 കോടി രൂപ കേന്ദ്രം ഈ ഇനത്തിൽ നൽകാനുണ്ട്. നെല്ല് സംഭരിച്ച് പ്രോസസ് ചെയ്ത് അരിയാക്കി, അരി റേഷൻ കടയിൽ എത്തി, വിതരണം നടന്ന്, അരി വാങ്ങിയതിന്റെ കണക്ക് ഡൽഹിയിൽ എത്തി അതിൽ പരിശോധനയും കൃത്യതയും വരുത്തിയ ശേഷമാണ് കേന്ദ്രം പണം അനുവദിക്കുന്നത്. പി.ആർ.എസ്. വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചർച്ച നടത്തി കർഷകർ നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക്് പരിഹാരം കാണും.

സംഭരണം, പി.ആർ.എസ്., പേയ്മെന്റ് ഇവയെല്ലാം ആധുനിക രീതിയിലേക്ക് കൊണ്ടുവരാൻ നപടികൾ ആലോചിച്ചുവരികയാണ്. നെല്ല് സംഭരിക്കുമ്പോൾ തന്നെ അളവിന്റെ കാര്യത്തിൽ കൃത്യത ഉറപ്പുവരുത്താനും അതിനനുസരിച്ചുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാനുമുള്ള സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

റാപ്പിഡ് റെസ്പോൺസ് സെല്ലും ടോൾഫ്രീ നമ്പറും ഏർപ്പെടുത്തും-മന്ത്രി പി.പ്രസാദ്

നെൽ കർഷകരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിനായി റാപ്പിഡ് റെസ്പോൺസ് സെല്ലും ടോൾഫ്രീ നമ്പറും ഉടൻ കൊണ്ടുവരുമെന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന  'നെല്ല് സംഭരണം പ്രശ്നങ്ങളും പരിഹാരങ്ങളും' സംവാദത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.  ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ, സംഭരണം, കിഴിവ് തുടങ്ങി ഏതു പ്രശ്നവും ടോൾഫ്രീ നമ്പർ വഴി അറിയിക്കാൻ കഴിയുന്ന സംവിധാനമായിരിക്കും ഇത്. കൃഷി മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും ഇത് പ്രവർത്തിക്കുക.  ഏതെങ്കിലും ഉദ്യോഗസ്ഥർ മില്ലുകൾക്ക് അനുകൂലമായോ, കർഷകരുടെ താൽപര്യങ്ങൾക്ക് എതിരായോ പ്രവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷമത പരിശോധിക്കാൻ ഈ മേഖലയിൽ എഞ്ചിനിയറിംഗ് വൈദഗ്ധ്യമുള്ളവരുടെ പ്രത്യേക സംഘത്തെ കുട്ടനാട്ടിൽ നിയോഗിക്കും. കർഷകർ ആവശ്യപ്പെടുന്നിടത്തെത്തിയും അല്ലാതെ മിന്നൽ പരിശോധയായും യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തും. സംഘം ഈ കൊയ്ത്തുകാലത്ത് തന്നെ കുട്ടനാട്ടിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ഈർപ്പത്തിന്റ അളവ് മൂലം കിഴിവ് വരുത്തുന്ന  പ്രശ്നം പരിഹാരിക്കാൻ പരാതി നൽകുന്ന കർഷകരുടെ പാടശേഖരങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഇലക്ട്രോണിക് വേയിങ് മെഷീൻ എല്ലായിടത്തും ഉൾപ്പെടുത്താൻ കഴിയുമോ എന്നത് പരിശോധിക്കും-മന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തിന്റെ പണം നൽകുന്നതിന് നിലവിലെ സ്ഥിതിയിൽ മറ്റ് ബാങ്കുകളെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനാകില്ല. റിസർവ് ബാങ്കിന്റെ നിബന്ധനക്കനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. എന്നാൽ കർഷകനെ സഹായിക്കാത്ത, കർഷകനോട് മോശം സമീപനം തുടരുന്ന ബാങ്കുകളിൽ സർക്കാരിന്റെ അക്കൗണ്ടുകൾ തുടർന്നു പോകണമോ എന്ന കാര്യം ഒന്നുകൂടി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

സംവാദത്തിൽ തോമസ് കെ. തോമസ് എം.എൽ.എ., ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ തങ്കച്ചൻ, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ എസ്. അനിൽകുമാർ, പാഡി പെയ്മെന്റ് ഓഫീസർ എം.എ. സഫീദ്, പാടശേഖരസമിതി സെക്രട്ടറി അഡ്വ. വി. മോഹൻദാസ്, ഫാ. തോമസ് ഇരുമ്പുകുറ്റിയിൽ, എസ്.ബി.ഐ. ബാങ്ക് പ്രതിനിധികൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date