Skip to main content

മുഖം മിനുക്കി തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ്

**പുതിയ കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് (മാർച്ച് 6) ഉദ്ഘാടനം ചെയ്യും

കിഫ്ബി ഫണ്ട് വിനിയോഗിച്ച് തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസിന് ആധുനിക സൗകര്യങ്ങളോടെ പുതിയ ഇരു നില കെട്ടിടം. ഇന്ന് വൈകിട്ട് 4.30ന് സബ് രജിസ്ട്രാർ ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കെട്ടിടം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥി ആയിരിക്കും. എം.പിമാരായ ശശി തരൂർ, എ.എ റഹിം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ് എം.ഡി മാധവിക്കുട്ടി എം.എസ് റിപ്പോർട്ട് അവതരിപ്പിക്കും.

പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിലും വിലപ്പെട്ട ഭൂരേഖകൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തിയുമാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 356 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. തിരുവല്ലം വില്ലേജിലെ ബ്ലോക്ക് നമ്പർ 29, വെങ്ങാനൂർ വില്ലേജിലെ ബ്ലോക്ക് 30,31 എന്നിവ തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് അധികാര പരിധിയിലാണ് വരുന്നത്. ആധാരങ്ങളുടെ രജിസ്‌ട്രേഷൻ, പകർപ്പുകൾ നൽകൽ, വിവാഹ രജിസ്‌ട്രേഷൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ് വിതരണം, ചിട്ടി രജിസ്‌ട്രേഷൻ, സൊസൈറ്റി, ഫേം രജിസ്‌ട്രേഷൻ തുടങ്ങിയ സേവനങ്ങൾക്കായി പ്രതിവർഷം 25,000ത്തിലധികം പൊതുജനങ്ങൾ ഈ ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. സബ് രജിസ്ട്രാർ ഉൾപ്പെടെ എട്ട് ജീവനക്കാരാണ് ഓഫീസിലുള്ളത്.

date