Skip to main content

ഗാര്‍ഹിക പ്രസവം: അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും- ജില്ലാ കളക്ടർ

ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്.  ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അക്യുങ്പഞ്ചർ ചികിത്സാ രീതിയെന്ന പേരില്‍ ഒരു ചികിത്സാ വകുപ്പിന്റെയും അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അനധികൃത ആരോഗ്യ കേന്ദ്രങ്ങളില്‍ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ  വരും ദിവസങ്ങളില്‍ പരിശോധന നടത്തും.  അനധികൃത പ്രവർത്തനങ്ങളുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും.  സംസ്ഥാന വ്യാപകമായി ഗാർഹിക പ്രസവങ്ങൾ നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലായി ഗാർഹികപ്രസവങ്ങൾ നടക്കുന്നത്.  ജില്ലയിൽ വളവന്നൂർ, വേങ്ങര, എടവണ്ണ  ഭാഗങ്ങളിലാണ് കൂടുതൽ പ്രസവങ്ങൾ നടക്കുന്നത്.
ഗാർഹിക പ്രസവം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവൽക്കരണ പരിപാടികൾ നടത്താനും യോഗത്തില്‍ തീരുമാനമായി.
യോഗത്തിൽ ജില്ലയിലെ ഗാർഹിക പ്രസവങ്ങളുടെ സ്ഥിതി വിവര റിപ്പോർട്ട് ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ  പമീലി അവതരിപ്പിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് , ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.രാജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

 

date