Skip to main content

വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍*

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാകളക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് വീട്ടില്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പിനാവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. സുഗമവും സുതാര്യവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

പി.എൻ.എക്‌സ്. 1442/2024

date