Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് സാമഗ്രികളുമായി  *പോളിങ് സംഘം ഇന്ന് ബൂത്തുകളിലേക്ക*് 

 

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ പോളിങ് സമാഗ്രികളുമായി ഉദ്യോഗസ്ഥർ ഇന്ന് (വ്യാഴാഴ്ച) പോളിങ് ബൂത്തുകളിലെത്തും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണി മുതൽ ആരംഭിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് അറിയിച്ചു.  അരൂർ- എൻ.എസ്.എസ് കോളേജ് പള്ളിപ്പുറം, ചേർത്തല- സെന്റ് മൈക്കിൾസ് കോളജ് ചേർത്തല, ആലപ്പുഴ- എസ്.ഡി.വി. ഗേൾസ് എച്ച്.എസ്.എസ്.ആലപ്പുഴ,അമ്പലപ്പുഴ- സെന്റ് ജോസഫ്‌സ്, എച്ച്.എസ്. ആലപ്പുഴ, കുട്ടനാട്- സെന്റ് മേരീസ് എച്ച്.എസ്.എസ്. ചമ്പക്കുളം, ഹരിപ്പാട്- ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. ഹരിപ്പാട്, കായംകുളം- ടി.കെ.എം.എം. കോളജ് നങ്ങ്യാർകുളങ്ങര, മാവേലിക്കര- ബിഷപ്പ്് ഹോഡ്ജസ് എച്ച്.എസ്.എസ്. മാവേലിക്കര, ചെങ്ങന്നൂർ- ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ എന്നിവിടങ്ങളാണ് സ്വീകരണ വിതരണ കേന്ദ്രങ്ങൾ. ജില്ലയിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി ആകെ 2614 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ 1333 പോളിംഗ് സ്റ്റേഷനുകളും മാവേലിക്കര മണ്ഡലത്തിൽ 1281 പോളിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കും. 

10 ബൂത്തുകൾക്ക് ഒരു കൗണ്ടർ

10 ബൂത്തുകൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണ് വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. ഉപ വരണാധികാരി ബൂത്തിലേക്ക് ആവശ്യമായ  സമഗ്രികൾ ഒരു കവറിനകത്ത് ആക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകും.
മറ്റൊരു കൗണ്ടറിലൂടെ പോളിംഗ് ബൂത്തിലേക്ക് ഉള്ള ഇവിഎം മെഷീനുകളും വോട്ടർ പട്ടികയുടെ മാർക്ട് കോപ്പിയും വിതരണം ചെയ്യും. പോളിംഗ് ഉദ്യോഗസ്ഥർക്ക് നിശ്ചയിച്ച വാഹനത്തിൽ  നേരത്തെ നിശ്ചയിച്ച വഴിയിലൂടെ ഇവർ ബൂത്തിലേക്ക് പുറപ്പെടും. പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഓഫീസറും ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക. ഇവർ ബൂത്തിൽ എത്തുമ്പോൾ ബന്ധപ്പെട്ട ബി.എൽ.ഒ പോളിംഗ് ബൂത്തിൽ ഉണ്ടാവണം. തലേ ദിവസം രാത്രി പോലിസ് കാവലിൽ ഇവ സൂക്ഷിക്കും. 

ആറുമണിക്ക് മോക്ക് പോൾ ആരംഭിക്കും

തിരഞ്ഞെടുപ്പ് ദിവസം വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥാനാർഥികളുടെ ഏജൻറ്മാരുടെയും സാന്നിധ്യത്തിൽ മോക് പോൾ ആരംഭിക്കും. സ്ഥാനാർത്ഥികളുടെ ഏജൻറ് മാരെ പ്രതിനിധികളോ ഇല്ലായെങ്കിൽ 15 മിനിറ്റ് അവർക്ക് വേണ്ടി കാത്തിരിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ അവർ എത്തിയില്ല എങ്കിൽ അവരുടെ അസാന്നിധ്യത്തിൽ മോക് പോൾ ആരംഭിക്കും. എല്ലാ സ്ഥാനാർഥികളുടെയും ഏജന്റ്മാർക്കും അവരവരുടെ സ്ഥാനാർത്ഥികളുടെ വോട്ട് ചെയ്തു നോക്കാൻ അവസരം ലഭിക്കും. എല്ലാ സ്ഥാനാർഥികളുടെയും വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ആദ്യം ചെയ്ത വോട്ടുകൾ മെഷീനിൽ നിന്നും മായ്ച്ചുകളഞ്ഞ് എല്ലാ സ്ഥാനാർത്ഥികൾക്കും പൂജ്യം വോട്ട് ഉറപ്പുവരുത്തും. മോക്പോൾ സർട്ടിഫിക്കറ്റ് സ്ഥാനാർത്ഥികളുടെ ഏജൻറ് മാരിൽ  നിന്നും പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട് വാങ്ങും. തുടർന്ന് കൃത്യം ഏഴുമണിക്ക് തന്നെ പോളിംഗ് ആരംഭിക്കും. 

മെഷീൻ തകരാർ പരിഹരിക്കാൻ പ്രത്യേക  സംഘം

പോളിംഗ് തുടങ്ങിയതിനുശേഷം ഇ.വി.എം തകരാർ സംഭവിച്ചാൽ ഇതിന് പരിഹരിക്കാൻ ബെൽ എൻജിനീയർമാരുടെയും സെക്ടർ ഓഫീസർമാരുടെയും സംഘം ഉണ്ടാകും.  ഇവിഎം മെഷീൻ മാറ്റി പുനസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ഇവിഎം മാറ്റി പുനസ്ഥാപിക്കാനുള്ള ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണിക്ക് പോളിംഗ് അവസാനിക്കും. അവസാനിക്കുന്ന സമയത്ത് നിരയിലുള്ള ആളുകൾ  ഉണ്ടെങ്കിൽ അവർക്ക് ടോക്കൺ നൽകും. ടോക്കൺ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് പ്രിസൈഡിങ് ഓഫീസർ ഉറപ്പുവരുത്തിയതിന് ശേഷം വോട്ടിംഗ് അവസാനിച്ചുവെന്ന് പ്രിസൈഡിങ് ഓഫീസർ പ്രഖ്യാപിക്കും. ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ ഇവിഎമ്മിൽ ക്ലോസ് ബട്ടൺ അമർത്തും.

date