Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ്: ബൂത്തുകൾ ഒരുങ്ങി രാവിലെ 7ന് വോട്ടിങ് ആരംഭിക്കും

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ബൂത്തുകൾ ഒരുങ്ങി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ബൂത്തുകളിലെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് അറിയിച്ചു.  ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലായി ആകെ 2614 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ 1333 പോളിംഗ് സ്റ്റേഷനുകളും മാവേലിക്കര മണ്ഡലത്തിൽ 1281 പോളിംഗ് സ്റ്റേഷനുകളുമാണ് പ്രവർത്തിക്കുന്നത്.  
ഇന്നലെ (വ്യാഴാഴ്ച) രാവിലെ എട്ട് മണിയോടെ നിയമസഭ മണ്ഡലങ്ങളിലെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ ബൂത്തുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. 10 ബൂത്തുകൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണ് വിതരണ സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. പോളിംഗ് ബൂത്തിലേക്കുള്ള ഇ.വി.എം. മെഷീനുകളും വോട്ടർ പട്ടികയുടെ മാർക്ട് കോപ്പിയും അടങ്ങുന്ന പെട്ടി, മറ്റ് സാമഗ്രികളും ഉപവരണാധികാരിയുടെ നേതൃത്വത്തിലാണ് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തത്. പ്രത്യേക വാഹനത്തിൽ നേരത്തെ നിശ്ചയിച്ച വഴിയിലൂടെയാണ് ഇവർ ബൂത്തിലെത്തിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഓഫീസറുമാണ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി തന്നെ ഉദ്യോഗസ്ഥർ അവരവരുടെ പോളിങ് ബൂത്തുകളിലെത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

date