Skip to main content
വയനാട്ടില്‍ നടപ്പിലാക്കിയ വെബ്കാസ്റ്റിങ് സംവിധാനo

ലോക്‌സഭാ തെരഞ്ഞെടുപ്പ്*: *വെബ്കാസ്റ്റിങ് സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ അഭിനന്ദനം*

 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വയനാട്ടില്‍ നടപ്പിലാക്കിയ വെബ്കാസ്റ്റിങ് സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ അഭിനന്ദനം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാനായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജിനെ പ്രത്യേകം അഭിനന്ദിച്ചു. വയനാട് ലേക്‌സഭാ മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളില്‍ ആയിരത്തിലധികം ക്യാമറകളാണ് സജ്ജമാക്കിയത്. ഒരു ബൂത്തില്‍ ഒരു ക്യാമറ വീതം നിരീക്ഷണത്തിനായി സജ്ജമാക്കി. പ്രശ്നബാധിത ബൂത്തുകളില്‍ നാല് ക്യാമറകളും സജ്ജീകരിച്ചു. വോട്ടിങ് പ്രക്രിയ ഒഴികെയുള്ള ബൂത്തിലെ ദൃശ്യങ്ങള്‍ ജില്ലാ ആസ്ഥാനത്ത് സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിച്ചതിനാൽ ഓരോ നിയോജക മണ്ഡലത്തിലും അഭിമുഖീകരിച്ച വിവിധ തടസങ്ങള്‍ ഉടനടി പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ ടീമിന് സാധിച്ചു. വോട്ടിങിന്റെ തുടക്കം മുതല്‍ ഓരോ മണ്ഡലത്തിനും മൂന്ന് പേര്‍ വീതം 21 ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അംഗങ്ങള്‍ പോളിങ് ബൂത്തുകള്‍ നിരീക്ഷിച്ചു. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, പോലീസ്, വകുപ്പുകളില്‍ നിന്നുള്ള നാല് ഓഫീസര്‍മാരും ടീം വണ്‍ നെറ്റ് സെക്യൂര്‍ പ്രൈവറ്റ് ലിമിറ്റഡും ബൂത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ഐടി മിഷന്റെ എട്ട് അംഗങ്ങളും അഞ്ച് എന്‍.ഐ.സി ഉദ്യോഗസ്ഥരും രണ്ട് കെ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ചീഫ് മോണിറ്ററിങ് സ്‌ക്വാഡ് പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ച് വെബ്കാസ്റ്റിങ് സംവിധാനം സുഗമമാക്കി. ഡിസി സ്‌ക്വാഡ് ഇന്റേണ്‍സ്, യങ് കേരള അംഗങ്ങളും സപ്പോര്‍ട്ടിംഗ് ടീമായി പ്രവര്‍ത്തിച്ചു. വിവിധ ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണത്തിനായി സ്ഥാപിച്ച ക്യാമറകളും വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം സസൂക്ഷ്മം വീക്ഷിച്ചിരുന്നു. 24 മണിക്കൂറും അക്ഷീണം പ്രവര്‍ത്തിച്ച ടീം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതക്ക് സജീവമായി പ്രവര്‍ത്തിച്ചതാണ് അംഗീകാരത്തിന് കാരണമായത്.

date