Skip to main content

കളക്ടറേറ്റിൽ ഇനി മിയാവാക്കി പച്ചപ്പ്

**ദ്രുത തീവ്ര വനവൽകരണം പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ദ്രുത തീവ്ര വനവൽകരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി കളക്ടറേറ്റും പരിസരവും മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട,് അപ്രോച്ച് റോഡിൽ ഒരുക്കിയ മിയാവാക്കി വനവൽകരണ പദ്ധതി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. ജാപ്പനീസ് വനവൽകരണ വിദ്യയായ മിയാവാക്കി മാതൃകയിലൂടെ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം വികസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട പച്ചപ്പ് പുനഃസ്ഥാപിക്കുകയുമാണ് ലക്ഷ്യം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സി, സബ്കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ എന്നിവരും വൃക്ഷത്തൈകൾ നട്ട് പദ്ധതിയിൽ പങ്കാളികളായി.

കേരളത്തിന്റെ തനത് കാലാവസ്ഥക്കും ജൈവവൈവിധ്യത്തിനും അനുയോജ്യമായ രീതിയിൽ നേച്ചേഴ്‌സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേൻ സംഘടിപ്പിച്ച പദ്ധതിയാണ് ദ്രുത തീവ്ര വനവൽകരണം (റാപ്പിഡ് ഇന്റൻസ് ഫോറസ്റ്റിങ്). നിർമിതികേന്ദ്രയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ സ്വാഭാവിക വനങ്ങളിൽ കാണപ്പെടുന്ന  1,200റോളം  തനത് വൃക്ഷങ്ങളും സസ്യങ്ങളുമാണ് പദ്ധതിയിലൂടെ നട്ടു പിടിപ്പിക്കുന്നത്. ഫലവൃക്ഷങ്ങളും വ്യത്യസ്തതരം പൂമരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 വർഷത്തിനുള്ളിൽ നൂറ് വർഷത്തോളം  പഴക്കമുള്ള ഒരു വനംഅതിവേഗം നിർമിക്കാൻ സഹയാകരമാകുന്നതാണ് പദ്ധതി.

പദ്ധതിയിൽ പങ്കാളികളാകാൻ തിരുവനന്തപുരം പ്രസ് ക്ലബ് അംഗങ്ങൾക്കും അവസരമൊരുക്കുകയാണ് ജില്ലാ ഭരണകൂടം. ഞായർ (മെയ് അഞ്ച്), തിങ്കൾ (മെയ് ആറ്) ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ദ്രുത തീവ്ര വനവൽകരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് വൃക്ഷത്തൈകൾ നടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446065998 എന്ന നമ്പറിൽ ബന്ധപ്പെടണം.

date