Skip to main content

റിസോഴ്‌സ് അധ്യാപകരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൈപ്പുസ്തകം

 

സമഗ്രശിക്ഷാ അഭിയാന്‍ ജില്ലയിലെ സ്‌കൂളുകളിലേക്ക് നിയമിച്ച 108 റിസോഴ്‌സ് അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും നിരീക്ഷണം കാര്യക്ഷമമാക്കാനുമായി സംസ്ഥാനതലത്തില്‍ തയാറാക്കിയ കൈപ്പുസ്തകത്തിന്റെ വിദ്യാഭ്യാസ ജില്ലാതലപ്രകാശനം പത്തനംതിട്ട ജില്ലാവിദ്യാഭ്യാസഓഫീസര്‍ ജി.ഉഷ നിര്‍വഹിച്ചു. കോന്നി ബി.പി.ഒ എന്‍.എസ്.രാജേന്ദ്രകുമാര്‍ കൈപ്പുസ്തകം ഏറ്റുവാങ്ങി. കോഴഞ്ചേരി ബി.ആര്‍.സി യില്‍ നടന്ന റിസോഴ്‌സ് അധ്യാപകരുടെ ഏകദിന ആസൂത്രണ അവലോകനയോഗത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സേവനം നല്‍കുന്നതിനായാണ് റിസോഴ്‌സ് അധ്യാപകരെ നിയമിച്ചിരിക്കുന്നത്. രണ്ട് സ്‌കൂളുകളിലായാണ് റിസോഴ്‌സ് അധ്യാപകര്‍ സേവനം നല്‍കേണ്ടത്. ആഴ്ചയിലൊരുദിവസം ശയ്യാവലംബികളായ കുട്ടികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വീട്ടില്‍ എത്തി ആവശ്യമായ പരിശീലനം നല്‍കും. ഇതുകൂടാതെ ഒഴിവുസമയങ്ങളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ നടത്തും. കൈപ്പുസ്തകം ലഭിച്ചതോടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിരീക്ഷണം ഫലപ്രദമാക്കാനും സാധിക്കും. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍ വിജയമോഹന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.ജയലക്ഷ്മി , സമഗ്രശിക്ഷാ അഭിയാന്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായ ജോസ്മാത്യു, എന്‍.എസ്.ജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

                           (പിഎന്‍പി 3392/18)

date