Skip to main content

വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളാണ് അതിജീവനത്തിന്റെ കാതല്‍: ആലങ്കോട് ലീലാകൃഷ്ണന്‍

വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്ന സമൂഹത്തിനു മാത്രമേ അതിജീവിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. മലപ്പുറം ഗവ. കോളേജ് മലയാളവിഭാഗം സാംസ്‌കാരിക കൂട്ടായ്മയായ മലയാണ്മയും കോളേജ് അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനങ്ങള്‍ക്കും തുല്യനീതി എന്നതും എല്ലാ സംസ്‌കാരങ്ങളുടെയും തുല്യ പ്രാതിനിധ്യം എന്നതും മലയാളത്തിന്റെ പാരമ്പര്യമാണ്. സ്ത്രീകളെ ആചാരങ്ങളുടെ പേരില്‍ മാറ്റിനിറുത്തിയ അധികാരങ്ങളെ തകര്‍ത്താണ് കേരളത്തിലെ കലയും സാഹിത്യവും ലോകത്തിന് മാതൃകയായത്.  ചിലര്‍ക്കുമാത്രം അവകാശാധികാരങ്ങള്‍ വകവെച്ചു നല്‍കുന്ന ആചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഇപ്പോള്‍ തെരുവില്‍ ഉയരുന്ന സമരങ്ങള്‍ അശ്ലീലമാണെന്നും അദ്ദേഹം പറഞ്ഞു. മലയാണ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാനടവും അദ്ദേഹം നിര്‍വഹിച്ചു.
ഐ പി എസ് നേടിയ അലംനി പ്രസിഡന്റ് യു. അബ്ദുല്‍ കരീമിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. എസ്. സഞ്ജയകുമാര്‍, ഡോ. മായ കെ. എസ്, ഡോ. പി. കെ അബൂബക്കര്‍, ഡോ. മുഹമ്മദ് കെ, ഡോ. ഗീത.എച്ച്, ഗിരിജ, ഷംസീറുല്‍ ഹഖ്, ജീന എന്നിവര്‍ സംസാരിച്ചു. മോഹിനിയാട്ടം ചരിത്രവും ആട്ടപ്രകാരവും എന്ന വിഷയത്തില്‍ പ്രശസ്ത നര്‍ത്തകി സീന ശ്രീവത്സന്‍ പ്രായോഗിക അവതരണം നടത്തി. ഓര്‍മകളുടെ പുസ്തകം ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു.

 

date