Skip to main content

തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്ക് അഖിലേന്ത്യ  സൈക്ലത്തോണിന് തുടക്കമായി

 

ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാന്റേര്‍ഡ് അതോറിറ്റിയുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും 'ഭക്ഷ്യ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യം' എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോണ്‍ ഗാന്ധി പാര്‍ക്കില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ബാറ്റണ്‍ ഏറ്റുവാങ്ങിയതോടെ സൈക്കിള്‍ റാലിക്ക് തുടക്കമായി.

നമ്മുടെ ജീവിതശൈലിയിലും ആഹാരശീലത്തിലുമുളള വരുത്തിയ മാറ്റം കാരണം ജീവിതശൈലീ രോഗങ്ങള്‍ വലിയ ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരായ അവബോധത്തിന് അഖിലേന്ത്യ സൈക്ലിംഗ് മീറ്റ് ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.

പാപ്പനംകോട്, നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, ചെങ്കല്‍, പാറശാല വഴി കളിയിക്കാവിള ഗ്രേയ്‌സ് ടി.ടി.സി.യിലെത്തി തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന് സൈക്ലത്തോണ്‍ ബാറ്റണ്‍ കൈമാറി. 7500 സൈക്കിള്‍ യാത്രക്കാര്‍ 150 ദിവസത്തെ സാഹസിക സൈക്കിള്‍ യാത്രയാണ് നടത്തുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ കെ. അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4643/18 

date