Skip to main content

പ്രളയാനന്തര പുനരധിവാസം ഭൂമിയുടെ രജിസ്‌ട്രേഷന്‍  31നകം പൂര്‍ത്തിയാക്കും

 

പ്രളയത്തിലും മണ്ണിടിച്ചിലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനായി പകരം ഭൂമി നല്‍കുന്നതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍  ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന പ്രളയബാധിതര്‍ക്കുളള ഭൂമി വിതരണവുമായി ബന്ധപ്പെട്ട  യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നും നിരവധിയാളുകള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിന് ഭൂമി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സൗജന്യമായാണ് ഇവര്‍ ഭൂമി വിട്ടുനല്‍കുന്നത്. ഭൂവുടമ  നേരിട്ട് ഭൂമി ലഭിക്കേണ്ട വ്യക്തിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തിക്കെടുക്കും.  നൂല്‍പ്പുഴ പഞ്ചായത്തില്‍ കെ ജെ ദേവസ്യ അഞ്ച് സെന്റ്, മാനന്തവാടിയില്‍ വി.എം രാജു എട്ടു സെന്റ്, തൊണ്ടര്‍നാട് പി. കെ വിജയന്‍ 30 സെന്റ്, കണിയാമ്പറ്റയില്‍ എം പി വില്‍സണ്‍ 15 സെന്റ്, കോട്ടപ്പടി സി രാധാകൃഷ്ണന്‍ അഞ്ച് സെന്റ്, മൂപ്പൈനാട് ഭദ്രന്‍ 30 സെന്റ്, എടവകപഞ്ചായത്തില്‍ ബ്രാന്‍ മൊയ്തു 50 സെന്റ്, ജോര്‍ജ് 40 സെന്റ് എന്നിവരാണ് നിലവില്‍ ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധരായവര്‍. ഭൂമി നഷ്ടപ്പെട്ടവരുടെ കണക്കനുസരിച്ച് അതാതു പഞ്ചായത്തുകളില്‍തന്നെ കഴിയുംവിധം ഭൂമി ലഭ്യമാക്കി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. 

date