Skip to main content

ഭരണഘടന സാക്ഷരത: ജനകീയ വിദ്യാഭ്യാസ പരിപാടി തുടങ്ങി

ആലപ്പുഴ: കേരള നിയമസഭ, സർക്കാർ,പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ എന്നിവ സംയുക്തമായി ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ കാമ്പയിൻ നടത്തുന്നത്. ജില്ലയിൽ 2000 ക്‌ളാസുകൾ നടത്തുവാനാണ് പരിപാടി. പത്തുലക്ഷം പേരെ ക്‌ളാസുകളിൽ പങ്കെടുപ്പിക്കും. സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കീ റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലനം നടന്നു. ജില്ലാതല പരിശീലനം ഡിസംബർ 20 ദേശീയസമ്പാദ്യ പദ്ധതിഹാളിൽ നടക്കും.എല്ലാ മേഖലാതല പരിശീലനങ്ങളും ഡിസംബർ 21 മുതൽ നടക്കും. തുടർന്ന് വാർഡ്തല ക്‌ളാസുകൾ നൽകും. സംഘടനകൾ, ലൈബ്രറികൾ, കുടുംബശ്രീവർക്കർമാർ, തുല്യത പഠിതാക്കൾ എന്നിവർ മുഖേന പ്രത്യേക ക്‌ളാസുകൾ നടത്തും. ജനപ്രതിനിധികൾ,വിവിധ പദ്ധതികളിലെ ഇൻസ്‌ക്രടർമാർ, പഠിതാക്കൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി, സ്റ്റിഡൻസ് പൊലീസ്, സ്‌കൗട്ട്, തുല്യത പഠിതാക്കൾ എന്നിവരെയല്ലാം പങ്കെടുപ്പിച്ച് പരിശീലനം നൽകും.  പരിശീലനം നേടിയവർ 25 പേരെ വീതം പഠിപ്പിക്കുവാനാണ് പരിപാടി.

 

ക്ഷീര കർഷക സംഗമം ജനുവരിയിൽ

 

പുന്നപ്ര : ക്ഷീര വികസന വകുപ്പിന്റെ  ക്ഷീര കർഷക സംഗമവും 2018-19 വർഷത്തെ  ക്ഷീരകർഷക പാർലമെന്റും   ആലപ്പുഴ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ ജനുവരി അവസാന വാരം നടക്കും. ഇതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. രണ്ട് ദിവസങ്ങളായി നടക്കുന്ന ക്ഷീര സംഗമത്തിൽ ക്ഷീരകർഷക പാർലമെന്റ് സെമിനാറുകൾ, മാധ്യമ അവാർഡ് വിതരണം, ക്ഷീരമേഖലയുടെ പ്രാധാന്യമറിയിക്കുന്ന എക്‌സിബിഷനുകൾ, കരിയർ ഗൈഡൻസ്,മെഡിക്കൽ ക്യാമ്പ് , മൃഗസംരക്ഷണ മേഖലയിലെ പാരമ്പര്യ ചികിത്സയെകുറിച്ച് പ്രമുഖരെ ഉൾപ്പെടുത്തി ചർച്ച , അതിജീവനത്തിന്റെ പാതയിൽ ഐ ആം ഫോർ ആലപ്പി - ഡൊനേറ്റ് എ കാറ്റിൽ ഫോട്ടോ പ്രദർശനം കലാപരിപാടികൾ തുടങ്ങിയവ ഉണ്ടാകും.

 

വികസന സെമിനാർ നടത്തി

 

   ചെങ്ങന്നൂർ: തിരുവൻവൂർ ഗ്രാമപഞ്ചായത്തിന്റെ  2019 - 20 വാർഷിക പദ്ധതിയുടെ വികസന സെമിനാർ  പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗീത സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ രശ്മി സുഭാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സമ്മ സുരേന്ദ്രൻ, ആസൂത്രണ സമിതി ചെയർപേഴ്സൺ സുഷമ ഷാജിമോൻ,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിക്രമൻ പിള്ള, ജനപ്രതിനിധികളായ എസ്. രഞ്ജിത്ത്, ഷൈനി സജി, ഹരി കുമാർ മൂരിത്തിട്ട,ജലജ രവീന്ദ്രൻ, ചെറിയാൻ കുതിരവട്ടം, അമ്പിളി സജീവ്, മോഹനൻ വല്യവീട്ടിൽ എന്നിവർ പങ്കെടുത്തു.

 

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

 

കഞ്ഞിക്കുഴി : കഞ്ഞികുഴി ഗ്രാമ പഞ്ചായത്ത് 2017-18 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം  നിർമിച്ച അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.  ആറ് ലക്ഷവും ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപയും വകയിരുത്തി നിർമിച്ച കെട്ടിടമാണിത്. 

കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത് പ്രസിഡന്റ് എം. ജി. രാജു അധ്യക്ഷത വഹിച്ചു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ. വിനോദിനി,  ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ  ടി.വി.  മിനിമോൾ എന്നിവർ പങ്കെടുത്തു. 

 

കുട,സോപ്പ് നിർമ്മാണ പരിശീലനം 

ഇന്ന് മുതൽ

 

ചെങ്ങന്നൂർ: നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള സംരഭകത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട സോപ്പ് നിർമാണ പരിശീലനം ബുധനാഴ്ച രാവിലെ 10 മുതൽ നഗരസഭാ കോൺഫറൻസ് ഹാളിൽ  നടക്കും. ഇതോടൊപ്പം മികച്ച സംരാഭകരുമായുള്ള ആശയ വിനിമയത്തിനുള്ള അവസരവും ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും വ്യവസായ വികസന ഓഫീസറെ ബന്ധപ്പെടാം. ഫോൺ: 9895580449.

 

ക്യാമ്പ് സംഘടിപ്പിക്കും

 

തുറവൂർ: വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ക്യാമ്പ് 22 മുതൽ 28 വരെ കോടംതുരുത്ത് വി.വി.എച്ച്.എസ്.എസിൽ നടക്കും. രാവിലെ പത്തിന് സ്‌കൂൾ അങ്കണത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി വിനോദ് പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്യും.

 

ജൈവവളം വിതരണം 

 

തുറവൂർ: തുറവൂർ കൃഷിഭവനിൽ തെങ്ങിനുള്ള ജൈവവളം വിതരണത്തിന് തയാറായി. അപേക്ഷ സമർപ്പിച്ച ഗുണഭോക്താക്കൾക്ക് ഇന്ന് (ബുധൻ)മുതൽ വിതരണം തുടങ്ങും. വിഹിതം അടച്ച് കൈപ്പറ്റണമെന്ന്് കൃഷി ഓഫീസർ അറിയിച്ചു.

 

ആദ്യത്തെ തേനീച്ച പാർക്ക് കൊച്ചാലും മൂട്ടിൽ

 

മാവേലിക്കര :രാജ്യത്തെ ആദ്യ തേനീച്ച പാർക്ക് മാവേലിക്കര കൊച്ചാലുംമൂട്ടിൽ ഒരുങ്ങുന്നു. പഴം, പച്ചക്കറി സംരക്ഷണ വിതരണ രംഗത്ത് ഉത്പാദകരെയും ഉപഭോക്താക്കളേയും സംരക്ഷിക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ  നേതൃത്വത്തിലാണ് ആദ്യ തേനീച്ച പാർക്ക് മാവേലിക്കരയിൽ ഒരുങ്ങതെന്ന് റീജണൽ മാനേജർ ബി. സുനിൽ അറിയിച്ചു.നവീകരിച്ച തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെയും, ആധുനിക തേൻ സംസ്‌ക്കരണ പ്ലാന്റിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന്  സംസ്ഥാന കൃഷി വകുപ്പ മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും.

 തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും, വൃക്ഷങ്ങളും പാർക്കിന്റെ മുഖ്യ ആകർഷണമാണ്. തേനീച്ചകൾക്ക് ഏറ്റവും കൂടുതൽ പൂമ്പൊടി ലഭ്യമാകുന്ന ചെടികളും, വൃക്ഷങ്ങളും പാർക്കിലുണ്ടാകും. സംസ്ഥാന സർക്കാർ കൃഷി വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും, ഹോർട്ടി കോർപ്പ് തേൻ വിറ്റതിന്റെ ലാഭ വിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇവിടെ നവീകരണ പ്രർത്തനങ്ങൾ നടത്തിയത്. സംസ്ഥാന കൃഷി വകുപ്പിന്റെ മൂന്ന് ഏക്കർ സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുക. 50 ടൺ തേൻ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് നവീകരണ പ്രക്രിയയിലൂടെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഞാവൽ, പേര, ഇലമ്പൻപുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാർനെല്ലി, കറ്റാർ വാഴ, ചീര ,വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും  ഇവിടെയുണ്ട്. പുതിയ സംസ്‌കരണ സംവിധാനം പ്രാവർത്തികമാകുന്നതോടെ സർക്കാർ സംവിധാനത്തിലെ ആദ്യത്തെ  ആധുനിക  തേൻ നിർമ്മാണ ശുദ്ധീകരണ വിപണനകേന്ദ്രമായി കൊച്ചാലും മൂട്ടിലെ തേനീച്ച വളർത്തൽ പരീശീലനകേന്ദ്രം മാറും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള മൂവായിരത്തോളം  കർഷകർ ഇവിടെനിന്ന് പരിശീലനവും നേടിയിട്ടുണ്ട്.  പരിശീലനം കിട്ടിയവർക്ക് 40 ശതമാനം സബ്‌സിഡിയോടു കൂടി  തേനെടുപ്പ് യന്ത്രം, പുകയന്ത്രം തുടങ്ങി ആവശ്യമുള്ള ഉപകരണങ്ങളും നൽകുന്നുണ്ട്.  കർഷകരിൽ നിന്നും ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് അമൃതഹണി എന്ന പേരിൽ വിപണയിലെത്തിക്കുന്നതായും റീജണൽ മാനേജർ അറിയിച്ചു.

 

മുല്ലയ്ക്കൽ ചിറപ്പ്; ആറ് കടകളുടെ ലേലം ഇന്ന്

 

ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് ഷോപ്പ് 2,7,57,58,59,60 എന്നിവയുടെ ലേലം ഇന്ന്(ഡിസംബർ 19) ഉച്ചയ്ക്ക് മൂന്നുമണിക്ക് ആലപ്പുഴ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ നടക്കും.

 

date