Skip to main content

നവോത്ഥാന മൂല്യം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി

 

നവേത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷ ദിനാചരണം സമാപന സമ്മേളനം വി. ജെ. ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നാടിനെ പുറകോട്ടടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതിന് അനുവദിക്കില്ല. നവോത്ഥാന മൂല്യ സംരക്ഷണത്തിന് ശ്രമിക്കുമ്പോൾ കണ്ണുരുട്ടലുകൾ കണ്ട് ഭയപ്പെടുന്നവരല്ല ഇവിടെയുള്ളത്. അതൊന്നും ഇവിടെ ചെലവാകില്ല. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ക്രിസ്ത്യൻ മിഷനറിമാരും മുസ്‌ലീം പണ്ഡിതൻമാരും ഉൾപ്പെടെ നാടിന്റെ വിവിധ ധാരകൾ ഒന്നിച്ചു നീങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വ്യത്യസ്തമായി നിലകൊണ്ടത് ഇവിടത്തെ നവോത്ഥാന പാരമ്പര്യം കൊണ്ടാണ്. കർഷക, തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ഇടപെടൽ കൊണ്ട് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് ശരിയായ തുടർച്ചയുണ്ടായി. 

രാജ്യത്തെ മതനിരപേക്ഷത ഇല്ലാതാക്കാൻ ശക്തമായ ശ്രമങ്ങൾ ഉണ്ടാവുന്നു. മതനിരപേക്ഷതയ്ക്കായി നിൽക്കുന്ന പലരും ശക്തമായി പ്രതികരിക്കാൻ മടിക്കുകയാണ്. മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നവരുമായി ചിലരെങ്കിലും സമരസപ്പെടുന്നത് നാം കണ്ടു. ബി ടീം ആയി നിന്ന് എ ടീമിനെ പ്രതിരോധിക്കാനാവില്ല. അങ്ങനെയുണ്ടായാൽ ബി ടീമിനെ എ ടീം വിഴുങ്ങും. ഭക്ഷണത്തിന്റെ പേരിൽ ആളെ കൊല്ലുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ബാബ്‌റി മസ്ജിദ് തകർത്തവർ താജ്മഹൽ തകർക്കാൻ നീക്കം തുടങ്ങിയിരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീൽ അധ്യക്ഷത വഹിച്ചു. പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരുന്നു. ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ. എ. ബി. മൊയ്തീൻകുട്ടി, കെ. എസ്. എം. ഡി. എഫ്. സി ചെയർമാൻ പ്രൊഫ. എ. പി. അബ്ദുൾ വഹാബ്, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മദ്രസ ക്ഷേമ ബോർഡ് ചെയർമാൻ എം. പി. അബ്ദുൾ ഗഫൂർ, ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം. തോമസ്, കെ. എസ്. എം. ഡി. എഫ്. സി ഡയറക്ടർ ഫാ. പ്രൊഫ. മാത്യൂസ് വാഴക്കുന്നം, എ. മുഹമ്മദ് അൻസാർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 5565/18

date