Skip to main content

കേരളീയ ആരോഗ്യമേഖലയുടെ നേട്ടത്തില്‍ ആയൂര്‍വേദത്തിന്‌ മുഖ്യപങ്ക്‌ : മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യരംഗത്ത്‌ കേരളം നേടിയ മികച്ച നേട്ടങ്ങളില്‍ ആയൂര്‍വേദത്തിന്‌ മുഖ്യപങ്കുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആയൂര്‍വേദ ചികിത്സാ രംഗത്ത്‌ ഗവേഷണ പദ്ധതികള്‍ക്ക്‌ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തൃശൂരില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌ ആയൂര്‍വേദ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററും ഔഷധി പഞ്ചകര്‍മ്മ ആശുപത്രി ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സകര്‍ അറിവ്‌ എവിടെ നിന്നായാലും സ്വീകരിക്കണം. വിപുലവും വ്യത്യസ്‌തസവുമാണ്‌ ആയൂര്‍വേദ ചികിത്സാശാഖ. ശാസ്‌ത്രകുതികള്‍ക്ക്‌ ഉത്തരം കിട്ടാന്‍ പ്രയാസം കാണുന്ന അത്ഭുതങ്ങള്‍ ഈ ചികിത്സാരീതിയില്‍ കാണാം. നമ്മള്‍ പഠിച്ചതോ അറിഞ്ഞതോ ആണ്‌ സത്യം എന്ന്‌ വിചാരിച്ചാല്‍ ശരിയല്ല. സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തവരെല്ലാം അയോഗ്യരാണ്‌ എന്നൊരു ധാരണ പൊതുവെയുണ്ട്‌. എന്നാല്‍ ആയൂര്‍വേദ ചികിത്സാശാഖയില്‍ ഇത്‌ ശരിയല്ല. അറിവുകള്‍ സ്വീകരിക്കാനും അറിയാനുളള ത്വര എല്ലാവര്‍ക്കും ഉണ്ടാകണം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌ പഞ്ചകര്‍മ്മയും ഉഴിച്ചലും. ഇത്രയധികം ദുരുപയോഗിക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ല. ഈ മേഖലയില്‍ യോഗ്യരായ ചികിത്സകരെ അത്യാവശ്യമാണ്‌. അവിദഗ്‌ധരുടെ ചികിത്സ ഈ രംഗത്തിന്‌ അപചയമുണ്ടാകും. നമ്മുടെ നാടിന്റെ തനതായ ശീലമാണ്‌ ആയൂര്‍വേദം. അത്‌ നിലനിര്‍ത്തുകയാണ്‌ നമ്മുടെ കടമ. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
സ്വയംചികിത്സ ആയൂര്‍വേദ രീതിയില്‍ ആയാല്‍ പോലും ശരിയല്ല. വൈദ്യന്റെയും ഡോക്‌ടറുടെയോ ഉപദേശം സ്വീകരിക്കുന്നതാണ്‌ ഉത്തമം. മരുന്നറിഞ്ഞാലും മരുന്നിന്റെ ചേരുവയെന്തെന്നറിയാത്തവരാണ്‌ പുതുതലമുറയിലെ ഭൂരിഭാഗം ചികിത്സകരും. ചിലര്‍ക്ക്‌ ചേരുവയെയെന്തെന്നറിഞ്ഞാലും ഔഷധചെടിയെന്തെന്ന്‌ തിരിച്ചറിയാന്‍ കഴിയില്ല. ഇവ മനസ്സിലാക്കുന്നത്‌ ഉത്തമമാണ്‌. മുഖ്യമന്ത്രി പറഞ്ഞു. ഔഷധ സസ്യകൃഷി വ്യാപനവും ഔഷധ സസ്യവിപണന സംവിധാനവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള 9 കോടി രൂപ ചെലവിലാണ്‌ സ്‌പോര്‍ട്‌സ്‌ ആയൂര്‍വേദ റിസര്‍ച്ച്‌ ആശുപത്രി പണികഴിപ്പിച്ചത്‌. ഔഷധി പഞ്ചകര്‍മ്മ ആശുപത്രിക്ക്‌ 8 കോടി രൂപ ചെലവായി. ആയൂര്‍വേദ മേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണ്‌ തൃശൂരിലേത്‌.
ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. മേയര്‍ അജിത വിജയന്‍, സി എന്‍ ജയദേവന്‍ എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌, ജില്ലാ കളക്‌ടര്‍ ടി വി അനുപമ, ഔഷധി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍, ഔഷധി മാനേജിങ്‌ ഡയറക്‌ടര്‍ കെ വി ഉത്തമന്‍ മറ്റ്‌ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. 

ഭാരതീയ ചികിത്സാ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. അനിത ജേക്കബ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കൃഷി വകുപ്പ്‌ മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ സ്വാഗതവും ഭാരതീയ ചികിത്സാ വകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്‌ ഷിബു നന്ദിയും പറഞ്ഞു.

date