Skip to main content

പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല: ജില്ലാ കലക്ടര്‍

 

 

 തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും ചട്ടലംഘനം നടക്കുന്നുണ്ടോയെന്നു കര്‍ശനമായി നിരീക്ഷിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഏഴു നിയോജക മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. അതാതു നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചു. മാര്‍ച്ച് 28 വരെ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക. മുന്‍കാലങ്ങളില്‍ വോട്ടിങ് ശതമാനം കുറവുള്ള ബൂത്തുകള്‍ കണ്ടെത്തി 'സ്വീപ്' പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 

 

   പോലിസ് രേഖകളില്‍ പ്രശ്‌നബാധിതമെന്നു രേഖപ്പെടുത്തിയ ബൂത്തുകളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ പരിശോധന നടത്തും. ഇവിടങ്ങളില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ പോലിസിന്റെ സഹായം തേടും. പോളിങ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണനയും നല്‍കും. സര്‍വീസ് സംഘടനകളുടേതുള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. സി-വിജില്‍ സംവിധാനം വഴി ലഭിക്കുന്ന പരാതികള്‍ ഉടന്‍ തീര്‍പ്പാക്കും. തിരഞ്ഞെടുപ്പ് കാലയളവില്‍ മണ്ഡലത്തിലേക്ക് പണവും മദ്യവും ഒഴുകുന്നത് തടയാന്‍ തുടര്‍ച്ചയായി സംയുക്ത പരിശോധനകള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരായ എന്‍. എസ്.കെ ഉമേഷ്, വര്‍ക്കാന്ത് യോഗേഷ് നീല്‍ക്കാണ്ഡ്, വി.വി സുനില, സജിമോന്‍, അയ്യപ്പദാസ്, ടി. ജനില്‍കുമാര്‍, രോഷ്ണി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date