Skip to main content

ഇന്ന് (മാര്‍ച്ച് 22) ലോക ജലദിനം; ജലസംരക്ഷണ സന്ദേശവുമായി ജല അതോറിറ്റി

ഇന്ന് (മാര്‍ച്ച് 22) ലോക ജലദിനം. വരള്‍ച്ച രൂക്ഷമായതിനെത്തുടര്‍ന്ന്  ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ശുദ്ധ ജല ദുരുപയോഗത്തിനും ജല മോഷണത്തിനു മെതിരെ ജാഗ്രതപാലിക്കണമെന്ന് ജല അതോറിറ്റി മുന്നറിയിപ്പു നല്‍കി. 

  ജലദുര്‍വിനിയോഗം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അതോറിറ്റി പങ്കുവയ്ക്കുന്നു. ഗാര്‍ഹിക കണക്ഷനുകളും പൊതു ടാപ്പുകളും  കുടിവെള്ളത്തിനും ഗാര്‍ഹിക ഉപയോഗത്തിനും മാത്രം ഉപയോഗിക്കുക. പൊതു ടാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നിടത്ത് വസ്ത്രങ്ങള്‍, പാത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ കഴുകരുത്.  പൊതു ടാപ്പുകളില്‍ നിന്ന് വെള്ളം ചോര്‍ത്തി കിണറുകളില്‍ ശേഖരിക്കുന്നതും കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഒഴിവാക്കണം. 

ജലത്തിന്റെ  പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന് ഗുണനിലവാരമുള്ള സാധന സാമഗ്രികള്‍ ഉപയോഗിക്കണം. ഇതു സംബന്ധിച്ച ജോലികള്‍ക്ക് ലൈസന്‍സുള്ള പ്ലംബറെ ഏര്‍പ്പെടുത്തണം. നിയമ വിരൂദ്ധമായി വാട്ടര്‍ കണക്ഷന്‍ എടുക്കാനോ മീറ്ററില്‍ ക്രമക്കേട് നടത്താനോ പാടില്ല.

ജലമോഷണവും ജല ദുര്‍വിനിയോഗവും നടത്തുന്നത് കണ്ടെത്തിയാല്‍  കണക്ഷന്‍ റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പൊതുടാപ്പില്‍ നിന്നോ ലൈനില്‍ നിന്നോ ഹോസ്, ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഉപയോഗിച്ച് വെള്ളം ഊറ്റുന്നത് ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 0481-2563701 എന്നനമ്പരില്‍ വിവരം നല്‍കണമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

date