Skip to main content

ക്ഷയരോഗ നിര്‍മാര്‍ജനം: ചിന്തകള്‍  പങ്കുവച്ച് ഊരുമൂപ്പന്മാരുടെ സംഗമം

 

 

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടന്ന ഊരുമൂപ്പന്മാരുടെ സംഗമം ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള കര്‍മപദ്ധതികള്‍ക്ക് കരുത്തേകുന്ന ചിന്തകളുടെ അവലോകനമായി. 2020ഓടെ വയനാടിനെ സമ്പൂര്‍ണ ക്ഷയരോഗ വിമുക്ത ജില്ലയാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം മുന്നില്‍ക്കണ്ട് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മാര്‍ച്ച് 24) കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായാണ് മാനന്തവാടി ടൗണ്‍ഹാളില്‍ ഊരുമൂപ്പന്മാരുടെ സംഗമം നടത്തിയത്. കോളനികള്‍ കേന്ദ്രീകരിച്ച് അവബോധം നടത്താനും രോഗലക്ഷണമുള്ളവരെ കണ്ടെത്തി ചികില്‍സ ലഭ്യമാക്കാനും 'ഊരുമൂപ്പന്മാര്‍ക്കൊപ്പം' പരിപാടിയില്‍ തീരുമാനിച്ചു. ഗോത്രവര്‍ഗ മേഖലയില്‍ എങ്ങനെ ക്ഷയരോഗം തടയാം എന്ന വിഷയത്തില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സല്‍ട്ടന്റുമാരായ ഡോ. രാകേഷ്, ഡോ. ഷിബു ബാലകൃഷ്ണന്‍, ജില്ലാ ടിബി ഓഫിസര്‍ ഡോ. സി ഷുബിന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രൂപരേഖ തയ്യാറാക്കി. പണിയ, ഊരാളി വിഭാഗത്തില്‍ നിന്നുള്ള കലാകാരന്മാര്‍ 'തുടിതാളം' കലാപരിപാടി അവതരിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250ഓളം ഊരുമൂപ്പന്മാര്‍ പങ്കെടുത്തു. 

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആര്‍.രേണുക ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം മിഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ. ജഗദീഷ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ്, ഡബ്ല്യുഎച്ച്ഒ കണ്‍സല്‍ട്ടന്റുമാരായ ഡോ. ഷിബു ബാലകൃഷ്ണന്‍, ഡോ. രാകേഷ്, സംസ്ഥാന ടിബി സെല്‍ പ്രതിനിധി ഡോ. മനു, യുനിസെഫ് പ്രതിനിധി ഡോ. സന്തോഷ്, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ പി വാണിദാസ്, മാസ് മീഡിയാ ഓഫിസര്‍മാരായ ഡോ. അജയന്‍, ഡോ. സാക്കിര്‍ ഹുസൈന്‍, ഇബ്രാഹീം തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യം, നാഷനല്‍ ഹെല്‍ത്ത് മിഷന്‍, പട്ടികവര്‍ഗ വികസനം, സാമൂഹികനീതി, തൊഴില്‍, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞം നടക്കുന്നത്. 

date