Skip to main content

ഹൈടെക് മികവുമായി അമ്മമാരെ തേടി അവര്‍ ഗ്രാമങ്ങളിലേക്ക്

പൊതു വിദ്യാലയ ശാക്തീകരണ നേട്ടങ്ങള്‍ അമ്മമാരിലേക്ക് പകരാന്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി വെട്ടത്തൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തകര്‍ രംഗത്ത്. സര്‍ക്കാര്‍ സ്‌കൂളിന് അനുവദിച്ച ലാപ്പ് ടോപ്പ് കമ്പ്യൂട്ടറുകള്‍, മറ്റു സാങ്കേതിക സംവിധാനങ്ങള്‍ ഇവ നാട്ടിന്‍ പുറത്തെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് താല്ക്കാലിക ലാബ് ക്രമീകരിച്ച് അമ്മമാര്‍ക്കായി ദ്വിദിന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചാണ് വേറിട്ട ഈ മാതൃകാ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. വായനശാലകളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.
40 ഓളം തെരഞ്ഞെടുത്ത അമ്മമാര്‍ക്കുള്ള ആദ്യ ബാച്ച് പരിശീലനം മാട്ടറയില്‍ ആരംഭിച്ചു. കൈറ്റ്  ജില്ലാ കോ-ഓഡിനേറ്റര്‍ ടി.കെ അബ്ദുള്‍ റഷീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അരക്കുപറമ്പ് യുവജന സംഘം വായനശാല പ്രസിഡന്റും വെട്ടത്തൂര്‍ ഗവ: സ്‌കൂള്‍ അദ്ധ്യാപകനുമായ എം പി സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് സബ് ജില്ലാ ട്രെയിനര്‍ ബഷീര്‍ , രാധാ പാറോക്കോട്, പി.മോഹനന്‍, എം.പി രാജന്‍, പി.ദാസന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ. ഡി ദേവസ്യ സ്വാഗതവും പി. രാജന്‍ നന്ദിയും പറഞ്ഞു.
വിദ്യാലയങ്ങള്‍ സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ട് ഹൈടെക്കാവുന്ന കാലഘട്ടത്തില്‍ കമ്പൂട്ടര്‍ വിവര സാങ്കേതിക വിദ്യയിലെ രക്ഷിതാക്കള്‍ക്ക് അറിയേണ്ട കാര്യങ്ങളെ പരിചയപ്പെടുത്തുകയാണ് കൈറ്റ്‌സിലെ എഡിസ്‌കോ ക്ലബ്ബ് പ്രവര്‍ത്തകര്‍. പ്രധാന അദ്ധ്യാപകന്‍ സെബാസ്റ്റ്യന്‍ മാസ്റ്റര്‍ എല്ലാ പിന്തുണമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്. താഴെക്കോട് പഞ്ചായത്തിലെ അരക്കുപറമ്പ് കുറ്റിപ്പുളി, വെട്ടത്തൂര്‍ പഞ്ചായത്തിലെ എഴുതല, തേലക്കാട് എന്നീ കേന്ദ്രങ്ങളിലും ഒന്നാം ഘട്ടത്തില്‍ പരിപാടി സംഘടിപ്പിക്കും.
തുടര്‍ പരിശീലനം ആവശ്യമുള്ളവര്‍ക്കായി അതിനായുള്ള പ്രത്യേകം പ്രത്യേകം പരിശീലനങ്ങളും പദ്ധതി ഭാഗമായി സംഘടിപ്പിക്കും. അദ്ധ്യാപകരായ സുനില്‍ കുമാര്‍, അജീഷ്, കൃഷ്ണ കുമാര്‍, രാജശ്രീ, ഇസ്ഹാഖ് എന്നിവരും  സംഘത്തോടൊപ്പുണ്ട്. വിദ്യാര്‍ത്ഥികളായ ബിസ്‌നി, ഷദാന്‍, ആഷിഖ്, ഹൈഫ ഫാത്തിമ ,ഷാജില്‍, ഫാഹി സ്, റിന്‍ ഷിദ്, ഹാഷിന്‍, ഷഹാന, ഷന എന്നിവരാണ് സംഘത്തെ നയിക്കുന്നത്. മാട്ടറ കേന്ദ്രത്തിലെ പരിപാടി ഇന്ന് വൈകിട്ട് സമാപിക്കും.

 

date