Skip to main content

വോട്ടെണ്ണല്‍ നാളെ (മെയ് 23) രാവിലെ തുടങ്ങും വിവരങ്ങള്‍ തത്സമയം ലഭ്യമാകും

 

വോട്ടെണ്ണലിന്റെ ഒരോ ഘട്ടത്തിലും ഫലം ജനങ്ങളിലേക്ക് തത്സമയം ലഭ്യമാകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള സാങ്കേതിക ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണതോതില്‍ സജ്ജമായി.  ഫലപ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ ഇ-സുവിധ, ട്രെന്‍ഡ് വെബ്‌സെറ്റുകള്‍ വഴിയാണ് വിവരങ്ങള്‍ ലഭ്യമാകുക. ഇതിന്റെ ഒരുക്കങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തി ജില്ലാ കലക്ടര്‍ നേരിട്ട് കണ്ട് വിലയിരുത്തുകയും കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ക്കുമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍  ആപ്ലിക്കേഷനുകളില്‍ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു.
നാളെ (മെയ് 23) രാവിലെ ഏഴരയ്ക്കാണ് സ്ട്രോങ് റൂമില്‍നിന്ന്  അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍   വോട്ടിങ് യന്ത്രങ്ങള്‍ അതത് വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റുക. കൃത്യം രാവിലെ എട്ടിന് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും.  ചുമതലയുള്ള ഉദ്യോഗസ്ഥരും എ.ആര്‍.ഒമാരും രാവിലെ 6.30ന് തന്നെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. രണ്ടു മണ്ഡലത്തിന്റെയും പോസ്റ്റല്‍ വോട്ടുകള്‍ മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ലൈബ്രറി ഹാളിലാണ്  എണ്ണുക.  
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഓരോ മണ്ഡലത്തിലും രണ്ട് ടെക്നിക്കല്‍ സ്റ്റാഫിന് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇവര്‍ക്ക് പ്രത്യേകം ഐഡി കാര്‍ഡുകള്‍ നല്‍കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഇവര്‍ക്കായി പ്രത്യേകമായി ലാന്‍ഡ് ഫോണ്‍ സൗകര്യം ഒരുക്കിയതായി  കലക്ടര്‍ അറിയിച്ചു. ആവശ്യമായ നമ്പറുകള്‍ ഇലക്ഷന്‍ ഓഫീസില്‍ നിന്ന് വെള്ളക്കടലാസില്‍  എഴുതി നല്‍കും.   വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദനീയമല്ല.
വോട്ടെണ്ണലിന് പ്രത്യേകമായി നല്‍കിയിട്ടുള്ള ഐ.ഡി കാര്‍ഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ. കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്‌സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി/ഇലക്ഷന്‍ ഏജന്റ്/ കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ ഹാളുകളില്‍ പ്രവേശനമുള്ളത്. ആഹ്ലാദ പ്രകടനങ്ങളും ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതും  കൗണ്ടിങ് കേന്ദ്രത്തിന്റെ ഗെയ്റ്റിന് പുറത്തു നിശ്ചിത അകലത്തില്‍ മാത്രമേ പാടുള്ളൂവെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഒരു റൗണ്ടിലെ എല്ലാ ഇ.വി.എമ്മുകളും എണ്ണി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ ഇ.വി.എമ്മുകള്‍ എണ്ണാന്‍ തുടങ്ങുകയുള്ളൂ. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും സീലുകള്‍ (പിങ്ക് പേപ്പര്‍ സീല്‍, ഔട്ടര്‍ പേപ്പര്‍ സീല്‍, സ്‌പെഷ്യല്‍ടാഗ്, ഗ്രീന്‍ പേപ്പര്‍ സീല്‍) പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും അവയിലെ വോട്ടെണ്ണല്‍ തുടങ്ങുന്നത്. ഓരോ റൗണ്ടും തീര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ റാന്‍ഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് ഇ.വി.എംകള്‍ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിങ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും.  വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പര്‍സ്ലിപ്പുകള്‍ എണ്ണാന്‍ തുടങ്ങുന്നത്. കൗണ്ടിങ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വി.വി പാറ്റ് കൗണ്ടിങ് ബൂത്തായി ക്രമീകരിക്കും. പേപ്പര്‍ രസീതുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം വയര്‍ മെഷ് ചെയ്ത രീതിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ നടപടികള്‍ക്കുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയതായും ജില്ലാ പൊലീസ് മേധാവി കെ.പ്രതീഷ് കുമാര്‍ അറിയിച്ചു. 800 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയും മലപ്പുറം, പൊന്നാനി, വയനാട്  ലോക്സഭാമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കായി മൂന്ന് കമ്പനി ബി.എസ്.എഫ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

 

date