Skip to main content

വോട്ടെണ്ണല്‍ നാളെ  ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി

 

ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൂന്നു ജില്ലകളിലായുള്ള വയനാട് ലോക്‌സഭാ മണ്ഡലത്തില്‍  വോട്ടെണ്ണുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലത്തില്‍ മൂന്നു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് നടക്കുക. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് അല്‍ഫോണ്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ഗവ. മാനവേദന്‍ വി.എച്ച്. എസ്.എസിലുമാണ് നടക്കുക. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ ഇതിന് പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതിലൊന്നില്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാവുക. ഓരോ കൗണ്ടിങ് ഹാളിന്റെയും ചുമതല  അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫിസര്‍മാര്‍ക്കാണ്. ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ, ട്രെന്റ് എന്നീ ആപ്ലിക്കേഷനുകളിലൂടെ അതാതു സമയങ്ങളില്‍ ഫലമറിയാം. 

ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ ലഭ്യമാകും.......................

   വോട്ടെണ്ണല്‍ ദിവസം രാവിലെ ഏഴു മണിക്ക് സ്‌ട്രോങ് റൂമില്‍നിന്നും വോട്ടിങ്ങ് യന്ത്രങ്ങള്‍ ് നിയമസഭാ മണ്ഡലങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുക. വോട്ടെണ്ണല്‍ രാവിലെ എട്ടിനു തുടങ്ങും. ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി പ്രകാരം ഓരോ നിയോജക മണ്ഡലങ്ങളിലെയും അഞ്ചുവീതം പോളിങ് സ്‌റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. സ്ഥാനാര്‍ഥിയുടെയും ഏജന്റുമാരുടെയും നിരീക്ഷകന്റെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ നെറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകള്‍ തിരഞ്ഞെടുക്കുക. പ്രത്യേകം തയ്യാറാക്കിയ കാര്‍ഡ് ഇതിനു വേണ്ടി ഉപയോഗിക്കും. നിയോജക മണ്ഡലത്തിന്റെ പേര്, നമ്പര്‍, വോട്ടെടുപ്പ് തിയ്യതി, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍ എന്നിവ ഈ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കും. വിവിപാറ്റ് സ്ലിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് വേര്‍തിരിച്ച ശേഷമായിരിക്കും എണ്ണുക. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ വേര്‍തിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളായി മാറ്റും. ഇതിന് ശേഷമാണ് എണ്ണുക. എണ്ണി കഴിഞ്ഞ വിവി പാറ്റ് സ്ലിപ്പുകള്‍  ഈ പെട്ടിയില്‍ തന്നെ നിക്ഷേപിച്ച് സീല്‍ ചെയ്യും.

മേശകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മ നിരീക്ഷകരുമുണ്ടാകും. സുവിധ, ട്രെന്റ് പോര്‍ട്ടല്‍ വഴിയാണ് ഡാറ്റ എന്‍ട്രി നടത്തുക. വരണാധികാരിക്കും  സഹവരണാധികാരികള്‍ക്കും മാത്രമാണ് സുവിധ ആപ്പില്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുക. നിയോജക മണ്ഡലം തിരിച്ച് ഓരോ റൗണ്ടിലെയും ഡാറ്റയാണ് അപ്‌ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലം പ്രിന്റ് ഔട്ട് എടുക്കും.പോസ്റ്റല്‍ വോട്ടുകളുടെ ഡേറ്റ എന്‍ട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. പോസ്റ്റല്‍ ബാലറ്റ്, സൈനികരംഗത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സര്‍വീസ് ബാലറ്റ് എന്നിവ ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. എട്ടു ടേബിളുകള്‍ ഇതിനായി സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുമ്പ് വരെ തപാല്‍ വഴി ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് പരിഗണിക്കുക. ക്യുആര്‍ കോഡ് ഉപയോഗിച്ച് പരിശോധിച്ചാവും സര്‍വീസ് വോട്ടുകള്‍ എണ്ണുക.

സര്‍വീസ് വോട്ടുകള്‍: പിന്നിടേണ്ടത് നിരവധി നടപടിക്രമങ്ങള്‍................

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) മുഖേന ചെയ്ത സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിന് ക്യുആര്‍ കോഡ് റീഡിംഗ് ഉള്‍പ്പെടെ നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സായുധസേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഈ രീതിയില്‍ വോട്ടു ചെയ്തിട്ടുള്ളത്. സര്‍വീസ് വോട്ടുകളും എണ്ണാനായി ക്യുആര്‍ കോഡ് റീഡറും അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കും. ആദ്യം പുറം കവറിന്റെ(ഫോം 13-സി) താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യു ആര്‍ കോഡ് യന്ത്രം ഉപയോഗിച്ച് റീഡ് ചെയ്യുന്നു. അതോടൊപ്പം വോട്ടറുടെ വെരിഫിക്കേഷനും ഇരട്ടിപ്പ് ഒഴിവാക്കുന്നതിനുള്ള അവശ്യ പരിശോധനങ്ങളും നടത്തും. കമ്പ്യൂട്ടറില്‍ നിന്നു ലഭിക്കുന്ന പ്രത്യേക സീരിയല്‍ നമ്പര്‍, പരിശോധിക്കുന്ന കവറിന് പുറത്ത് റിട്ടേണിങ് ഓഫീസര്‍ എഴുതിച്ചേര്‍ക്കും. ഇരട്ടിപ്പ് ഇല്ലെന്ന് ഉറപ്പാക്കിയശേഷം പുറം കവര്‍ (ഫോം 13-സി) തുറക്കും. ഫോം 13 എയിലുള്ള പ്രസ്താവനയും പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറു(ഫോം 13-ബി)മാണ് ഇതിലുണ്ടാവുക. റിട്ടേണിങ് ഓഫീസര്‍ ഇവ പുറത്തെടുക്കും. ഫോം 13 എയിലെ രണ്ട് ക്യുആര്‍ കോഡുകള്‍ ഒന്നിനു പിറകെ അടുത്തത് എന്ന രീതിയില്‍ സ്‌കാന്‍ ചെയ്യും. തുടര്‍ന്ന് ഫോം 13-ബിയുടെ താഴ്ഭാഗത്ത് വലതുവശത്തുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം സീരിയല്‍ നമ്പറുകള്‍ രേഖപ്പെടുത്തും. ക്യുആര്‍ കോഡ് റീഡിങില്‍ അപാകതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഫോം 13-ബി കവറും പ്രസ്താവനയും ഫോം 13-സി കവറില്‍ ഇട്ടശേഷം എണ്ണുന്നതിനുള്ള സാധുവായ വോട്ടുകള്‍ സൂക്ഷിക്കുന്ന ട്രേയില്‍ നിക്ഷേപിക്കും. ക്യുആര്‍ കോഡ് റീഡിങില്‍ രേഖകള്‍ സാധുവല്ലാതിരിക്കുക, ഒരേ രേഖയുടെ ഒന്നിലധികം പകര്‍പ്പുകള്‍ കണ്ടെത്തുക തുടങ്ങിയ അപാകതകള്‍ ഉണ്ടായാല്‍ ഇത്തരം കവറുകള്‍ തള്ളപ്പെടുന്ന കവറുകള്‍ക്കുള്ള ട്രേയില്‍ നിക്ഷേപിക്കും. ഒരു വോട്ട് എണ്ണുന്നതിന് കുറഞ്ഞത് ഒരു മിനിറ്റെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

പ്രവേശനത്തിന് നിയന്ത്രണം  

..................
    വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വോട്ടെണ്ണലിനു നിയോഗിച്ച ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി ചീഫ് കൗണ്ടിങ് ഏജന്റ്,  വരണാധികാരിയുടെയോ ഉപ വരണാധികാരിയുടെയോ അനുമതിപത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് എജന്റുമാര്‍, തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക.  മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങള്‍
തിരഞ്ഞെടുപ്പുഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുവിധ, ട്രെന്‍ഡ് എന്നീ വെബ് പോര്‍ട്ടലുകളിലൂടെ വോട്ടെണ്ണല്‍നില തത്സമയം മീഡിയ സെന്ററില്‍ ലഭ്യമാകും.  മീഡിയ സെന്ററുകളില്‍ സജ്ജമാക്കിയിട്ടുള്ള വീഡിയോവാളിലാണ് ഇവ പ്രദര്‍ശിപ്പിക്കുക. നിയമസഭാ മണ്ഡലം തിരിച്ചുള്ള ലീഡ് നിലയും മറ്റും ഇത്തരത്തില്‍ ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനം.  

date