Skip to main content

പച്ചത്തുരുത്താവാന്‍ ജില്ല ഒരുങ്ങി- പദ്ധതിക്ക് ജൂണ്‍ അഞ്ചിന് തുടക്കമാവും

 

പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്കായി ജില്ല ഒരുങ്ങി. പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷത്തിലേറെ തൈകള്‍ ജില്ലയില്‍ നട്ടുപിടിപ്പിക്കും. ലോക പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് പദ്ധതിക്ക് തുടക്കമാവും. ഇതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ തല സാങ്കേതിക സമിതിയുടെ ആലോചന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിദ്ധ്യ ബോര്‍ഡ്, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. ചുരുങ്ങിയത് അര സെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതിയുള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളെല്ലാം പച്ചത്തുരുത്തുകള്‍ സ്ഥാപിക്കും.
 സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി സംരംഭകര്‍ ഇതിനകം തന്നെ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങളിലായി 130 ഏക്കര്‍ സ്ഥലം ഇതിനകം പദ്ധതിക്കായി തെരഞ്ഞെടുത്ത് കഴിഞ്ഞു. കൂടുതല്‍ സ്ഥലങ്ങള്‍ പദ്ധതിക്കായി കണ്ടെത്തിവരികയാണ്. വിവിധ ഏജന്‍സികളുടേതായി 1032000 തൈകളാണ് തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 442000, സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ 575000, കൃഷി വകുപ്പിന്റെ 15000 വീതം തൈകളാണ് തയ്യാറായിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ പരിപാലനം കൂടി ഉറപ്പ് വരുത്തിയാണ് തൈകള്‍ നടുന്നത്.
 പദ്ധതിയുടെ ഭാഗമായി ജൂണ്‍ ഒന്നിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ തല സാങ്കേതിക സമിതിയുടെ ആലോചനായോഗത്തില്‍ പദ്ധതിയുടെ കണ്‍വീനര്‍ കൂടിയായ ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.രാജു, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date