Skip to main content
പ്രളയ മേഖലയില്‍ കൈത്താങ്ങായി നൈപുണ്യകര്‍മ്മസേന 428 വീടുകളില്‍ അറ്റകുറ്റപ്പണി നടത്തി

പ്രളയ മേഖലയില്‍ കൈത്താങ്ങായി നൈപുണ്യകര്‍മ്മസേന 428 വീടുകളില്‍ അറ്റകുറ്റപ്പണി നടത്തി

    പ്രളയത്തെത്തുടര്‍ന്ന് കേടായ ഉപകരണങ്ങള്‍ക്ക് ജീവന്‍ നല്‍കി നൈപുണ്യകര്‍മ്മസേന. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഐ ടി ഐകളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന നൈപുണ്യകര്‍മ്മസേന ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പടിയൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, മയ്യില്‍, ചെങ്ങളായി, ഏഴോം, ശ്രീകണ്ഠപുരം, ചിറക്കല്‍, വളപട്ടണം, തുടങ്ങിയ  ഭാഗങ്ങളിലെ 428  വീടുകളില്‍ ഇതിനോടകം സേന പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. സൗജന്യമായാണ് ഇവരുടെ സേവനം.
    പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്ന  വീടുകളിലെ  വയറിംഗ് മുതല്‍  ഇലക്ട്രോണിക്സ്  ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ട അവസ്ഥയിലായിരുന്നു. കൂടാതെ പ്ലംബിംഗ് ജോലികളും സേന ചെയത് നല്‍കിയിട്ടുണ്ട്. നിരവധി വീടുകളില്‍ വയറിംഗ്, കാര്‍പെന്ററി ജോലികള്‍ നടത്തുകയും ഗ്യാസ് സ്റ്റവ്, റെഗുലേറ്റര്‍, ഫ്രിഡ്ജ്, മിക്സി, മോട്ടോര്‍, വാഷിംഗ് മെഷീന്‍, ഗ്രൈന്റര്‍, അയേണ്‍ ബോക്സ്, ഫാന്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്തു. 
    കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെത്തുടര്‍ന്നാണ് കര്‍മ്മ സേനയ്ക്കു രൂപം നല്‍കിയത്. ജില്ലയില്‍  102 വിദ്യാര്‍ഥികളും  25  അധ്യാപകരും അടങ്ങിയതാണ് സേന.  മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണ സേനയുടെ പ്രവര്‍ത്തനം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് വീടുകളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം  പ്രളയകാലത്തു ഇവര്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ദിവസങ്ങളോളം പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
    സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, നോഡല്‍ ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ പ്രസന്ന, റിസോഴ്സ് പേഴ്സണ്‍മാരായ വി സഹദേവന്‍, സി റിയ, കെ നാരായണന്‍, എം പവിത്രന്‍, നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, എം പി വത്സന്‍, പി കെ മോഹനന്‍, സജീവന്‍ കല്ലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സേവനം ആവശ്യമുള്ളവര്‍ക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9447793213, 9744333345 (ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍), 9496227146 (പി കെ ബാബു, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍), 9495403815 (പി സജി, സീനിയര്‍ സൂപ്രണ്ട്, ഇന്‍സ്‌പെക്ഷന്‍), 9496192338 (എം രാജീവന്‍ ജൂനിയര്‍ സൂപ്രണ്ട്), 9496360229 (ചന്ദ്രശേഖരന്‍ ജൂനിയര്‍ സൂപ്രണ്ട്), 9744732205 (ശിവപ്രസാദ് ജൂനിയര്‍ സൂപ്രണ്ട്), 9446013642 (സുരേഷ് ചന്ദ്രബോസ്, ജൂനിയര്‍ സൂപ്രണ്ട്)
പി എന്‍ സി/2921/2019

date