Skip to main content

കവളപ്പാറ ഉരുള്‍പൊട്ടല്‍ - ജവാന്‍ വിഷ്ണുവിന് നാടിന്റെ അന്ത്യാഞ്ജലി

കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍ വിഷ്ണുവിന് (28) നാടിന്റെ അന്ത്യാഞ്ജലി. ഭൂദാനം ഗവ എ.എല്‍.പി സ്‌ക്കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം കാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. ദുരന്തത്തിന് രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍  ആര്‍മി ഉദ്യോഗസ്ഥനായ വിഷ്ണു നാട്ടിലെത്തിയത്. വിഷ്ണുവിന്റെ അച്ഛന്‍ സൂത്രത്തില്‍ വിജയന്‍, വലിയച്ചന്‍ നാരായണന്‍, വലിയമ്മ അനിത, സഹോദരി ഭവ്യ എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കിട്ടിയിരുന്നു. വിഷ്ണുവിന്റെ അമ്മ വിശ്വേശ്വരി, സഹോദരി ജിഷ്ണ എന്നിവരുടെ മൃതദേഹത്തിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, പി.വി അന്‍വര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഐ.ജി എസ്.സുരേന്ദ്രന്‍, എസ് പി യു.അബ്ദുല്‍ കരീം,  തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തി. തുടര്‍ന്ന് ദുരന്ത ഭൂമിക്ക് വടക്ക് ബന്ധുവീട്ടില്‍ വിഷ്ണുവിന് ചിതയൊരുക്കി. കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ സെന്റര്‍ മേധാവി ക്യാപ്റ്റന്‍ കെ മുഹമ്മദ് വിഷ്ണുവിനോടുള്ള ആദരസൂചകമായി ചെറിയച്ചന്‍ നാവൂരി പറമ്പില്‍ ദിവാകരന് മൃതദേഹത്തില്‍ പുതപ്പിക്കാനുള്ള പതാക കൈമാറി. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിച്ചു.

 

date