Skip to main content
ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കട്ടപ്പന കോടതി കേന്ദ്രത്തില്‍ നടന്ന അദാലത്തില്‍ നിന്ന്

ദേശീയ ലോക് അദാലത്ത് - കട്ടപ്പനയില്‍ തീര്‍പ്പാക്കിയത് 185 കേസുകള്‍

ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ സംഘടിപ്പിച്ച് വരുന്ന ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കട്ടപ്പന കോടതി കേന്ദ്രത്തില്‍ പരിഗണിച്ചത് 1800 ഓളം കേസുകള്‍. ഇതില്‍ 185കേസുകള്‍ തീര്‍പ്പാക്കി. ബാങ്കുകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ 65 ലക്ഷത്തോളം രൂപയുടെ ഇടപാടുകള്‍ തീര്‍പ്പാക്കി.

ഇടുക്കി ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ, കട്ടപ്പന, പീരുമേട്, ദേവികുളം എന്നീ കോടതി കേന്ദ്രങ്ങളിലാണ് ലോക് അദാലത്ത് സംഘടിപ്പിച്ചത്. പ്രത്യേകം ഒരുക്കിയ 25 ബൂത്തുകളിലായി 7500 ഓളം കേസുകളാണ് പരിഗണിച്ചത്.

വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവില്‍, ക്രിമിനല്‍, വാഹന അപകട ഇന്‍ഷുറന്‍സ്, കുടുംബ തര്‍ക്കം, റവന്യൂ റിക്കവറി, മുദ്രവില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ വകുപ്പിലുള്ള കേസുകള്‍, വിവിധ ബാങ്ക് - വായ്പാ കേസുകള്‍ തുടങ്ങിയവയാണ് അദാലത്തിലുള്‍പ്പെടുത്തിയത്.

ഒരു ജുഡീഷ്യല്‍ ഓഫീസറും ഒരു അഡ്വക്കേറ്റുമടങ്ങുന്നതാണ് ഒരു ബൂത്ത്. ഇത്തരത്തില്‍ അഞ്ചു ബൂത്തുകളാണ് കട്ടപ്പന കോടതിയിലെ അദാലത്ത് കേന്ദ്രത്തില്‍ ഒരുക്കിയിരുന്നത്. ഉടുമ്പന്‍ചോല താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പരിധിയിലുള്ള കേസുകളാണ് ഇവിടെ അദാലത്തിനെടുത്തത്. കട്ടപ്പന കുടുംബക്കോടതി, സബ് കോടതി, മുന്‍സിഫ് കോടതി, ഒന്നാം ക്ലാസ് മജിസ്റ്റ്‌ട്രേറ്റ് കോടതി, ന്യായാലയ കോടതി, നെടുംകണ്ടം മജിസ്റ്റ്‌ട്രേറ്റ് കോടതി, ന്യായാലയ കോടതി എന്നിവിടങ്ങളില്‍ നിന്നുള്ള കേസുകള്‍ പരിഗണിച്ചു. യൂണിയന്‍ ബാങ്ക്, എസ്ബിഐ, കാനറബാങ്ക് എന്നീ ബാങ്കുകള്‍ ഉള്‍പ്പെടുന്ന കേസുകള്‍, ബി എസ് എന്‍ എല്‍ രജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ വായ്പ, കുടുംബകോടതിയിലെ കേസുകള്‍ തുടങ്ങിയ കേസുകളാണ് ഇവിടെ അദാലത്തിലെത്തിയവയില്‍ കൂടുതലും. താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും കുടുംബകോടതി ജഡ്ജിയുമായ ഫെലിക്‌സ് മേരിദാസ് , കട്ടപ്പന സബ് ജഡ്ജ് എസ്.സൂരജ്, കട്ടപ്പന മുന്‍സിഫ് എന്‍.എന്‍.സിജി എന്നിവരാണ് അദാലത്തിലെത്തിയ കേസുകള്‍ പരിഗണിച്ചത്.
പണച്ചെലവില്ലാതെ കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ അപ്പീലില്ലാതെ തീര്‍പ്പാക്കുന്ന അദാലത്ത് നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടു.

 

date