Skip to main content

കുടുംബശ്രീ പരിശീലന കേന്ദ്രത്തിന്റെയും ഷീ ലോഡ്ജിന്റെയും നിർമ്മാണോദ്ഘാടനം നടന്നു

വള്ളത്തോൾ നഗർ പഞ്ചായത്തിൽ ആരംഭിക്കുന്ന കുടുംബശ്രീ പരിശീലന കേന്ദ്രത്തിന്റെയും ഷീ ലോഡ്ജിന്റെയും നിർമ്മാണോദ്ഘാടനം തദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി. മൊയ്തീൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. യു. ആർ. പ്രദീപ് എം.എൽ.എ. മുഖ്യാതിഥിയായി.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കലും കുടുംബഭദ്ര ഉറപ്പുവരുത്തലുമാണ് കുടുംബശ്രീ പദ്ധതിയുടെ അടുത്ത ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പണം വായ്പ നൽകുന്നതിൽ നിന്ന് പ്രവർത്തനം ആരംഭിച്ച് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായി കുടുംബശ്രീ മാറിക്കഴിഞ്ഞു. സ്ത്രീകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിൽ വലിയ ചുവടുവെയ്ക്കാൻ ഈ പ്രസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. 50000 അംഗങ്ങൾക്ക് നിലവിൽ തൊഴിൽ പരിശീലനം നൽകി വരുന്നു. കേരള ചിക്കൻ പോലുള്ള സംരംഭങ്ങളിലൂടെ ലക്ഷകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ വർഷം 1000 കോടി രൂപയാണ് സർക്കാർ കുടുംബശ്രീയ്ക്ക് നീക്കിവെച്ചിരിക്കുന്നത് എന്ന വസ്തുത സ്ത്രീ ശാക്തീകരണത്തിൽ സർക്കാരിനുള്ള പ്രതിജ്ഞാബദ്ധതയാണ്. നിലവിൽ തദേശ സ്ഥാപനങ്ങളിൽ അധികാരം കയ്യാളുന്ന സ്ത്രീകളിൽ വലിയ ഭൂരിപക്ഷം കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്തെത്തിയവരാണ് എന്നത് ഈ പ്രസ്ഥാനത്തിന്റെ സ്ത്രീ ശാക്തീകരണ സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്.ഇന്ന് മറ്റ് സംസ്ഥാനങ്ങൾക്കും കുടുംബശ്രീ വലിയ മാത്യകയാണെന്നും മന്ത്രി പറഞ്ഞു.
പരിശീലന കേന്ദ്രം ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 5,34, 10000 രൂപ ചെലവിലാണ് കെട്ടിടനിർമ്മാണം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പത്മിനി ടീച്ചർ, ജെന്നി ജോസഫ്, കെ.ജെ. ഡിക്‌സൺ, മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീല വിജയകുമാർ, കെ.പി. രാധാക്യഷ്ണൻ, വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുലൈമാൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date